ന്യൂഡല്‍ഹി: തടി കൂടുന്നതിന്റെ പേരില്‍ പ്രഭാത ഭഷണം ഒഴിവാക്കാമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍. അമിത ശരീര ഭാരമുള്ളവരാണ് ഇത്തരത്തില്‍ പ്രാതല്‍ ഒഴിവാക്കുന്നതെങ്കില്‍ അവരില്‍ ടൈപ്പ് മൂന്ന് പ്രമേഹത്തിനുള്ള സാധ്യതകളും കൂടുതലാണെന്ന് പഠനം പറയുന്നു. ദ ജേര്‍ണല്‍ ഓഫ് ന്യൂട്രീഷന്‍ ഒരു ലക്ഷത്തോളം പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍.
പ്രാതല്‍ ഒഴിവാക്കുന്നത് ശരാശരി 33 ശതമാനം പേരില്‍ ടൈപ്പ് രണ്ട് പ്രമേഹം പിടിപെടാനുള്ള സാധ്യതകള്‍ കൂടുതലായി കണ്ടെത്തി. ആഴ്ചയില്‍ നാല് ദിവസം പ്രാതല്‍ ഒഴിവാക്കിയാല്‍ പ്രമേഹ വരാനുള്ള സാധ്യതകള്‍ 55 ശതമാനമാണെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു.
ഒരു ദിവസത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്സ്, കൊഴുപ്പിന്റെ നിയന്ത്രണം എന്നിവയുടെയെല്ലാം സന്തുലിതത്തിന് പ്രഭാത ഭക്ഷണ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാതല്‍ കഴിക്കാതിരിക്കുമ്‌ബോള്‍ സമ്മര്‍ദ്ദം, മറ്റ് അനാരോഗ്യകരമായ അവസ്ഥകളെല്ലാം നമ്മെ ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും ആരോഗ്യ രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നു.
ലോകത്തില്‍ ഏതാണ്ട് 30 ശതമാനത്തോളം പേരും രാവിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി. ഇന്ത്യയിലെ നഗരങ്ങളില്‍ ജീവിക്കുന്ന യുവാക്കള്‍ക്കിടയില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന രീതികള്‍ നിലവില്‍ കൂടുതലാണ്. പ്രഭാത ഭക്ഷണം കഴിക്കാതെ ഒഴിവാക്കുകയോ അല്ലെങ്കില്‍ ലഘു ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റുകയും ചെയ്യുകയാണ് പുതിയ തലമുറ ചെയ്യുന്നത്. ജോലിയുടെ സമ്മര്‍ദങ്ങളും യാത്രകളുമെല്ലാം യുവാക്കളെ പ്രഭാത ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.
പ്രാതല്‍ ശരീരത്തിന്റെ സന്തുലിതത്വത്തിനും ദീര്‍ഘകാല ആരോഗ്യത്തിനും അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യം പറയുന്നു.
Post Your Comments