ഏറ്റുമാനൂര്‍ : കോട്ടയ്ക്കുപ്പുറം വി. യൂദാശ്ലീഹായുടെ കപ്പേളയില്‍ മോഷണം. രൂപക്കൂട്ടിലെ വിശുദ്ധന്റെയും മാതാവിന്റെയും തിരുസ്വരൂപത്തില്‍ അണിയിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. കപ്പേളയുടെ ഇടതു വശത്തെ വാതിലിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ കപ്പേളക്കുള്ളില്‍ പ്രവേശിച്ചത്. വിശുദ്ധന്റെ രൂപത്തില്‍ അണിയിച്ചിരുന്ന സ്വര്‍ണം പൂശിയ മാലയും മാതാവിന്റെ രൂപത്തില്‍ അണിയിച്ചിരുന്ന വജ്രത്തോടു സാമ്യമുള്ള മുത്തുമാണ് മോഷണം പോയത്.
ഇന്നലെ രാവിലെ പള്ളിയിലെ ജീവനക്കാരിയാണ് വാതില്‍ തകര്‍ത്ത നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് വികാരി ഫാ. ജോണ്‍ മണക്കുന്നേലിനെ വിവരം അറിയിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം എംസി റോഡില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 3 വര്‍ഷം മുന്‍പ് കോട്ടയ്ക്കപ്പുറം വി. യൂദാശ്ലീഹായുടെ കപ്പേളയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടന്നിരുന്നു.
Post Your Comments