വടകര: ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കാന്‍ അതിശക്തനായ മുരളീധരനെ തീരുമാനിച്ചത്. കോണ്‍ഗ്രസിലെ തന്നെ കരുത്തരായ അഞ്ച് നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്‍. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ നല്ല ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അന്നത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഇന്ന് വോട്ടായി മാറുമെന്ന് പ്രതീക്ഷ. കെ. കരുണാകരന്റെ മകന്‍ എന്ന വിശേഷണത്തില്‍നിന്ന് ഒരുപാട് ദുരം മുന്നോട്ടുപോയ നേതാവ് കൂടിയാണ് മുരളീധരന്‍. എന്നാല്‍ കരുണാകരനെ സ്നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. പഴയ കരുണാകരപക്ഷക്കാര്‍ക്ക് പൊതുവെ മലബാറിലും വടകരയില്‍ പ്രത്യേകിച്ചും നല്ല സ്വാധീനമാണുള്ളത്. പ്രചാരണരംഗത്ത് മുന്നേറാന്‍ ഇത് മുരളീധരന് തുണയാകുമെന്ന് കെപിസിസി നേതൃത്വത്തിന്റെ പ്രതീക്ഷ.
ഗ്രൂപ്പിന് അതീതമായ പ്രതിച്ഛായയാണ് മുരളീധരനെ സ്വീകാര്യനാക്കുന്ന മറ്റൊരു ഘടകം. മുമ്പ് ഐ ഗ്രൂപ്പിന്റെ പ്രിയ നേതാവായിരുന്നു മുരളീധരനെങ്കില്‍ ഇന്ന് അദ്ദേഹം ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുപാട് ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന നേതാവാണ്. ഇത് വടകരയിലെ ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുരളീധരന് അനുകൂലമായ ഘടകമാണ്. മുസ്ലീം ലീഗിന്റെ ഉറച്ച പിന്തുണയാണ് മുരളീധരന്റെ മറ്റൊരു പ്രതീക്ഷ. മുമ്പ് തിരുവമ്പാടി മണ്ഡലം മുരളീധരനായി ലീഗ് വിട്ടുകൊടുത്തതാണ് ചരിത്രം. ലീഗിന് ഉറച്ച വോട്ടുകളുള്ള മണ്ഡലമാണ് വടകര. നാദാപുരത്തെയും കുറ്റ്യാടിയിലെയും പേരാമ്പ്രയിലെയും കൊയിലാണ്ടിയിലെയും ലീഗുകാര്‍ മുരളീധരനെ ജയിപ്പിക്കാന്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. റിസ്‌ക്കുള്ള സീറ്റുകളിലെ എം.എല്‍.എയെ ലോക്സഭ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കരുതെന്ന നിര്‍ദ്ദേശം മറികടന്നാണ് മുരളീധരനെ വടകരയിലേക്ക് നിയോഗിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കരുത്താണ് വിളിച്ചോതുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന മുരളീധരന്‍ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1989ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ആദ്യമായി മത്സരിച്ചു ജയിച്ചു. അതിനുശേഷം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ലും 1999-ലും കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ.മുരളീധരന്‍. പിന്നീട് ഒരു രാജ്യസഭാസീറ്റിന്റെ പ്രശ്‌നത്തില്‍ മുരളീധരന്റെ അച്ഛന്‍ കെ. കരുണാകരനും അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വുമായി ഏറ്റമുട്ടുകയും അതിനെത്തുടര്‍ന്ന് അദ്ദേഹം കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്തു. അതിനുശേഷം 2005-ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഡി.ഐ.സി. (കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി മാറി. 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി.(കെ). സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയംകണ്ടു.
Post Your Comments