CinemaEntertainment

തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ബിഗ് ബി

 

ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ അമിതാഭ് ബച്ചന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ഉയര്‍ന്ത മനിതന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തമിഴ്വാനന്‍ സംവിധാനം ചെയ്യുന്ന ‘ഉയര്‍ന്ത മനിതനി’ല്‍ ബച്ചനോടൊപ്പം എസ് ജെ സൂര്യയും പ്രധാന വേഷത്തിലെത്തും. എസ് ജെ സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മുഹൂര്‍ത്തമെന്നാണ് ബച്ചനോടൊപ്പം അഭിനയിക്കുന്നതിനെ സൂര്യ വിശേഷിപ്പിച്ചത്. തമിഴിനോടൊപ്പം ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. വെള്ളമുണ്ടും കുര്‍ത്തയും ചുവന്ന ഷാളും ധരിച്ച് തനി ഗ്രാമീണനായാണ് ബിഗ് ബി ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
ചിത്രത്തിനുവേണ്ടി 40 ദിവസത്തെ ഡേറ്റാണ് ബിഗ് ബി നല്‍കിയിട്ടുള്ളത്. ഒറ്റ ഷെഡ്യൂളില്‍ത്തന്നെ ബച്ചന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത് രജനീകാന്ത് ആയിരുന്നു. തന്റെ സുഹൃത്ത് അമിതാഭ് ബച്ചന്‍ തമിഴില്‍ അഭിനയിക്കുന്നു എന്നത് തമിഴ് സിനിമയ്ക്ക് മുഴുവന്‍ അഭിമാനമാണെന്ന് പോസ്റ്റര്‍ റിലീസിനിടെ രജനീകാന്ത് പറഞ്ഞിരുന്നു.

ഉയര്‍ന്ത മനിതനെ കൂടാതെ ചിരഞ്ജീവി നായകനാകുന്ന തെലുഗു ചിത്രം ‘സൈരാ നരസിംഹ റെഡ്ഡിയിലും’ ബിഗ് ബി അഭിനയിക്കും. 1969ല്‍ ‘സാത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ബിഗ് ബി 50 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ഹിന്ദി കൂടാതെ തെലുഗ്, മറാഠി, കന്നട, മലയാളം സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യംചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button