പാലക്കാട്: എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ജില്ലാ പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കും. എന്നാല്‍ ബൈക്കില്‍ നിന്ന് വീണത് വടിവാളല്ലെന്നും കാര്‍ഷികാവശ്യത്തിനുളള കത്തിയാണെന്നുമാണ് സിപിഎം വിശദീകരണം.ഇത് വ്യാജ പ്രചാരണമാണെന്നും വീണത് വടിവാളല്ലെന്നുമാണ് സിപിഎം വ്യക്തമാക്കുന്നത്.
കൃഷിയിടത്തില്‍ നിന്ന് വന്നു ജാഥയില്‍ ചേര്‍ന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വിശദീകരിക്കുന്നു.കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തില്‍ എല്‍ഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണത്. സ്ഥാനാര്‍ത്ഥിയുടെയും നേതാക്കളുടെയും വാഹനത്തിനെ അനുഗമിച്ച് ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു.
ഇതിനിടെയാണ് ഒരു ബൈക്ക് മറിയുകയും ഇതിൽ നിന്ന് വടിവാൾ തെറിച്ചു വീഴുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ ആരൊക്കെയോ പകർത്തുകയും വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഇതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ എംഎല്‍എ പറഞ്ഞു.
Post Your Comments