KeralaLatest News

ഡാമില്‍ നിന്ന് വെളളം തുറന്ന് വിട്ടത്  ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : പ്രളയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് അമിക്കസ് ക്യൂറി ഹെെക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിറകെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയും ഗുരുതര ആരോപണവുമായി രംഗത്ത്. ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാനസര്‍ക്കാര്‍ തിരുത്തിയെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഡാമില്‍ നിന്ന് തുറന്ന് വിട്ട വെളളത്തിന്‍റെ കണക്ക് സംബന്ധിയായ സത്യവാങ്മൂലത്തില്‍ വലിയ വ്യത്യാസമുണ്ടെന്നും
ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്.

മഹാപ്രളയത്തിന് ഉത്തരവാദികള്‍ സംസ്ഥാനസര്‍ക്കാര്‍ തന്നെയാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചതാണ്. അത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 1 മുതല്‍ 14 വരെ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തു വിടാഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ച തന്നെയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകിയാണ് ഏപ്രില്‍ 3-ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയും വ്യക്തമാക്കുന്നു.

2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടുകളില്‍ വിശദമാക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button