കാസർഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചവരില്‍ നിന്നും ആരോഗ്യപരമായതുള്‍പ്പെടെയുള്ള കാരണങ്ങള്‍ ബോധിപ്പിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ അനുമതിയോടെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കി. ഇതില്‍ കൂടുതലും സ്ത്രീകളാണ്. പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍-ഒന്ന്, പോളിങ് ഓഫീസര്‍-2, പോളിങ് ഓഫീസര്‍-3 എന്നീ ചുമതലകളുള്ളവരുടെ അപേക്ഷയാണ് പരിഗണിച്ചത്. ആകെ 832 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 367 സ്ത്രീകളുള്‍പ്പെടെ 468 പേരെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാകാന്‍ സമ്മതം നല്‍കിയത്. വിടുതല്‍ ലഭിച്ച 149 പ്രിസൈഡിങ് ഓഫീസര്‍മാരില്‍ 115 ഉം സ്ത്രീകളാണ്. പോളിങ് ഓഫീസര്‍-1 വിഭാഗത്തില്‍ അനുമതി ലഭിച്ച 113 പേരില്‍ 85 പേര്‍ സ്ത്രീകളാണ്. പോളിങ് ഓഫീസര്‍-2 വിഭാഗത്തില്‍ 126 പേരില്‍ 116 സ്ത്രീകളും, പോളിങ് ഓഫീസര്‍-3 വിഭാഗത്തില്‍ 80 പേരില്‍ 51 സ്ത്രീകളുമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്നും മാറിനില്‍ക്കുന്നതിനുള്ള കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഇന്നലെ (ഏപ്രില്‍ 4) ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു സമയം നല്‍കിയിരുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചെയര്‍മാനായ ആറംഗ കമ്മിറ്റിയാണ് പ്രസ്തുത പരാതികളെ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. തെരഞ്ഞെടുപ്പ് ജോലി നിശ്ചയിച്ചതില്‍ നിന്നും ദമ്പതികളായ ഉദ്യോഗസ്ഥരില്‍ ഒരാളെയും ഒഴിവാക്കിയിട്ടുണ്ട്. നിരസിക്കപ്പെട്ട അപേക്ഷകരായ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലാ നിര്‍ണയത്തിന്റെ രണ്ടാം ഘട്ടത്തില്‍ ലഭിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കേണ്ടതാണ്.
Post Your Comments