പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ സെയ്ദ് മെഡല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ മോദി വഹിച്ച നിര്‍ണായക പങ്ക് കണക്കിലെടുത്താണിതെന്ന് യുഎഇ പ്രസിഡന്റ്് ഷെയ്ഖ് ഖലീഫ മുഹമ്മദ് ബിന്‍ സെയ്ദ് നഹ്യാന്‍ ട്വിറ്ററില്‍ അറിയിച്ചു. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യത്തലവന്മാര്‍ക്കും പ്രസിഡന്റുമാര്‍ക്കും രാജാക്കന്മാര്‍ക്കും നല്‍കുന്ന, യുഎഇയുടെ പരമോന്നത ബഹുമതിയാണ് സെയ്ദ് മെഡല്‍. പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ നേതാവാണ് നരേന്ദ്രമോദി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് സെക്കന്‍ഡ് തുടങ്ങിയവര്‍ ഈ ആദരം ലഭിച്ചവരില്‍പെടുന്നു.
രാജ്യത്തിനകത്ത് മോദിക്കെതിരെ പടയൊരുക്കം ശക്തമാകുമ്പോള്‍ ലഭിച്ച ഈ ബഹുമതിയ്ക്ക് കേരളത്തിലെ മാധ്യമങ്ങള്‍ എത്രത്തോളം പ്രാധാന്യം നല്‍കിയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മോദിയുടെ വിദേശ സന്ദര്‍ശനമാണ് പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന്. അതേസമയം ഓരോ രാജ്യത്തും മോദി നടത്തുന്ന സന്ദര്‍ശനം ഇന്ത്യയുമായുള്ള ബന്ധം എത്രത്തോളം ഊട്ടി ഉറപ്പിക്കലാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തന്നെയാണ്. യുഎഇക്ക് ചരിത്രപരവും സമഗ്രവുമായ ബന്ധമാണ് ഇന്ത്യയുമായുള്ളതെന്നും ആ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്ക് നിര്‍ണായകമാണെന്നും തുറന്നു പറയുന്നുണ്ട് നഹ്യാന്‍. 81-ല്‍ ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശന ശേഷം യുഎഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2015 ആഗസ്ത് 16നാണ് അദ്ദേഹം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് യുഎഇയില്‍ എത്തിയത്. 2017-ല്‍ ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സെയ്ദ് നഹ്യാന്‍ ആയിരുന്നു
യുഇഎ, സൗദി അറബ്യേ, ഒമാന്‍, കുവൈറ്റ് തുടങ്ങി മിക്ക ഗള്‍ഫ് രാജ്യങ്ങളുമായും നല്ല ബന്ധത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട് യുഎഇ. അഗസ്ത ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ അടക്കം യുഎഇയില്‍ ചേക്കേറിയ നിരവധി പിടികിട്ടാപ്പുള്ളികളെ യുഎഇ അടുത്തിടെ ഇന്ത്യക്ക് കൈമാറുകയും ചെയ്തിരുന്നു. 2017-ല്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയവരില്‍ പ്രമുഖനെയാണ് ഏറ്റവും ഒടുവില്‍ ഇന്ത്യക്ക് കൈമാറിയത്. മാത്രമല്ല മോദിയുടെ അപേക്ഷ പ്രകാരം അബുദാബിയില്‍ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കാനായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ഈ മാസം നടക്കാനിരിക്കുകയാണ്.
ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെ അഭിസംബോധന ചെയ്ത ചരിത്രമുഹൂര്‍ത്തവും മോദി സര്‍ക്കാരിന്റെ നയതന്ത്രത്തിന്റെ വിജയമായിരുന്നു. മുസ്ലീം ഭൂരിപക്ഷ ജനവിഭാഗമുള്ള യു എ ഇ, ടര്‍ക്കി,സൗദി അറേബ്യ,ഖത്തര്‍, ഈജിപ്ത് , ഇസ്രായേല്‍, പലസ്തീന്‍ തുടങ്ങി എല്ലാ രാജ്യങ്ങളുമായി മോഡി ഒരു ഊഷ്മളമായ ബന്ധം കെട്ടിപ്പടുത്തിയിട്ടുണ്ട്. പാകിസ്താനോട് അടുപ്പമുള്ള യു എ ഇയേയും, സൗദി അറേബ്യയേയും ഇന്ത്യയുടെ കൂടെ നിറുത്തുവാന്‍ മോഡി തന്ത്രത്തിന് സാധിച്ചിട്ടുണ്ട്. കാലങ്ങള്‍ക്കു മുന്‍പേ തന്നെ ഇരു രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടായിരുന്നെങ്കിലും മോദിയുടെ കീഴില്‍ അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു. സാമ്പത്തിക ഊര്‍ജ മേഖലകള്‍ക്കപ്പുറം ഭാവിയില്‍ സൈനിക പങ്കാളിത്തത്തിനും വേണ്ടി വന്നാല്‍ ഇന്ത്യയുമായി സഹകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറാകും. പൂര്‍ണമായും മുസ്ലിം രാജ്യങ്ങളുമായി ഡല്‍ഹി ബന്ധം ഉറപ്പിക്കുമ്പോള്‍ തിരുത്തി വായിക്കപ്പെടേണ്ടത് മോദിയുടെ മുസ്ലീം വിരുദ്ധതയാണ്. മുസ്ലീം വിരുദ്ധനായ ഒരു ഭരണാധികരിയെ മുസ്ലീം രാജ്യങ്ങള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയെന്നത് ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് ആ രാജ്യങ്ങളില്‍ തന്നെയാകും. എന്നാല്‍ സംഭവിക്കുന്നത് അങ്ങനെയല്ല, മോദി മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത് അത് വിദേശ രാജ്യങ്ങളില്‍ അല്ല, ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികളും പുരോഗമന വക്താക്കളുമാണ് അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത്.
ദേശീയതലത്തില്‍ ഉള്ളതിനേക്കാള്‍ അധികം മോദി വിരുദ്ധത കേരളത്തിന്റെ പൊതുസ്വഭാവമാണ്. ഹൈന്ദവതയുടെയും മുസ്ലീം വിരുദ്ധതയുടെയും പേരില്‍ മോദി ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നതും കേരളത്തിലാണ്. സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങളുടെ പേരിലല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഏറ്റെടുത്ത് പെരുപ്പിച്ച്കാട്ടി അത് മോദിയുടെ വീഴ്ച്ചയാക്കുന്നത് സാംസ്‌കാരിക കേരളത്തിലെ സാക്ഷരസമൂഹമാണെന്നത് എടുത്തുപറയണം. ആ മോദിവിരുദ്്ധത കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ മുഖമുദ്രയായതിനാല്‍ മോദിയുടെ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതും. രണ്ടായിരത്തി പതിനാലിലെ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പ്രഖ്യാപനം വന്നപ്പോള്‍ ഇന്ത്യക്ക് വലിയ ആപത്ത് സംഭവിക്കുന്ന രീതിയിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിയതെന്നത് കൂടി ഓര്‍ക്കുക. എന്തായാലും കേരളം പെരുപ്പിച്ചു കാട്ടുന്ന മോദി വിരുദ്ധത ദേശീയ തലത്തിലും അനതര്‍ദേശീയ തലത്തിലും ഏല്‍ക്കില്ലെന്നാണ് അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരവും ബഹുമതികളും വിളിച്ചു പറയുന്നത്.
Post Your Comments