ലഖ്നൗ: പ്രതിമ വിവാദത്തില്‍ സുപ്രീംകോടതിക്ക് വൈകാരിക മറുപടി നല്‍കി ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി താന്‍ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചു. അതിനായി വിവാഹം വേണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ ആഗ്രഹമാണ് ആ പ്രതിമകള്‍ എന്നും അവർ പറഞ്ഞു. സുപ്രീംകോടതിക്ക് അയച്ച അഫിഡവിറ്റില്‍ മായാവതി വ്യക്തമാക്കി.
പ്രതിമ നിര്‍മ്മാണത്തിനായി മുടക്കിയ പൊതുജനങ്ങളുടെ പണം മായാവതി തിരിച്ചടയ്ക്കണമെന്ന് സുപ്രീംകോടതി ഫെബ്രുവരി എട്ടിന് നിരീക്ഷിച്ചിരുന്നു. മായാവതി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2000 കോടി രൂപ മുടക്കി മായാവതിയുടെയും സ്വന്തം പാര്‍ട്ടി ചിഹ്നത്തിന്‍റെയും പ്രതിമകള്‍ നിര്‍മ്മിച്ചെന്ന അഭിഭാഷകന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ലഖ്‌നൗവിലും നോയിഡയിലുമാണ് മായാവതി പൊതുധനം ഉപയോഗിച്ച് ബി.എസ്.പിയുടെ പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമ സ്ഥാപിച്ചത്. ആനകളുടെ പ്രതിമ കൂടാതെ സ്വന്തം പ്രതിമകളും പൊതു ഖജനാവിലെ പണംകൊണ്ട് മായാവതി സ്ഥാപിച്ചിരുന്നു. ഈ പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കണ്ടത്തിയിരുന്നു.
Post Your Comments