കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തികള്‍ നടത്തിവന്ന 687 പേജുകളും, അക്കൗണ്ടുകളും പൂട്ടിച്ചതായി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് ഫേസ്ബുക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. തങ്ങളുടെ ഒരു പേജുകളും നീക്കം ചെയ്തിട്ടില്ലെന്നാണ് കോൺഗ്രസിന്റെ അവകാശ വാദം. മോശമായ പെരുമാറ്റവും, അനാവശ്യ സന്ദേശങ്ങളും അയയ്ക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരെ ഇത്തരമൊരു നടപടി ഇതാദ്യമാണ്.
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് ഈ നടപടി. വ്യാജ അക്കൗണ്ടുകളും, കൂട്ട സന്ദേശങ്ങളും അയയ്ക്കുന്നതിന് എതിരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നടപടി. എന്നാല്‍ തങ്ങളുടെ ഔദ്യോഗിക പേജുകളൊന്നും നീക്കം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.’ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളൊന്നും നീക്കം ചെയ്തിട്ടില്ല. ഞങ്ങളുടെ സ്ഥിരീകരിക്കപ്പെട്ട വോളണ്ടിയര്‍മാരുടെ പേജുകള്‍ക്കും കുഴപ്പം സംഭവിച്ചിട്ടില്ല’, ഏതെല്ലാം പേജുകളും, അക്കൗണ്ടുകളുമാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കുന്ന പട്ടിക കൈമാറാന്‍ കോണ്‍ഗ്രസ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വിവിധ ഗ്രൂപ്പുകളില്‍ കയറി തങ്ങളുടെ വ്യാജ കണ്ടന്റുകളും, മറ്റും പ്രചരിപ്പിച്ചതായാണ് കണ്ടെത്തല്‍. തങ്ങള്‍ ആരെന്ന് മറച്ചുവെച്ചായിരുന്നു ഈ വ്യക്തികളുടെ പ്രവര്‍ത്തനമെങ്കിലും ഇവര്‍ക്ക് കോണ്‍ഗ്രസ് ഐടി സെല്ലിലെ വ്യക്തികളുമായി ബന്ധമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് ഫേസ്ബുക്ക് സൈബര്‍സെക്യൂരിറ്റി പോളിസി മേധാവി നതാനിയല്‍ ഗ്ലെയിഷര് അറിയിച്ചു.
Post Your Comments