വന്യജീവികള്‍ കൂട്ടത്തോടെ റോഡിലേക്കിറങ്ങുന്നത് പതിവായതോടെ കോതമംഗലം ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടമലയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് പോകുന്ന മരപ്പാലം, ചക്കി മേട് ഭാഗങ്ങളില്‍ വന്യജീവികള്‍ സാധാരണമാണിപ്പോള്‍.
വേനല്‍ കടുത്തതോടെയുള്ള കടുത്ത ചൂടും കാട്ടുതീയും ജലക്ഷാമവും കൊണ്ടാണ് വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങി കൊണ്ടിരിക്കുന്നത്. അത് കൊണ്ടു തന്നെ ആനക്കൂട്ടങ്ങള്‍, പുലി, കരടി തുടങ്ങിയവ ഈ ഭാഗത്തെ റോഡിലേക്ക് പകല്‍ പോലും ഇറങ്ങുന്നത് വനപാലകരുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തുണ്ടം റേഞ്ചിലെ മരപ്പാലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചക്കി മേട് ഭാഗത്ത് ചെയിന്‍ ഗേറ്റ് സ്ഥാപിച്ചിട്ടുള്ളത്.
അനധികൃതമായി വാഹനങ്ങള്‍ കടന്നു പോകുന്നത് തടയുവാന്‍ ഇഴിടെ കാവല്‍കാരെയും നിയമിച്ചിട്ടുണ്ട്. ഇതു കൂടാതെ ഇടമലയാര്‍ റോഡില്‍ ചക്കി മേടിന് സമീപം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു. നിയന്ത്രണങ്ങള്‍ മറികടന്ന് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്നും വനപാലകര്‍ അറിയിച്ചു.
Post Your Comments