തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ പൗരപ്രമുഖന്‍മാരുടെ മനസ്സറിഞ്ഞ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കോവളം മണ്ഡലത്തിലെ കല്ലിയൂര്‍, വെങ്ങാനൂര്‍, കോട്ടുകാല്‍ പഞ്ചായത്തിലെ പൗരപ്രമുഖന്‍മാരുമായും സാമൂഹിക പ്രവര്‍ത്തകരുമായി കുമ്മനം കൂടിക്കാഴ്ച് നടത്തിയതോടൊപ്പം കോളനികളും സന്ദര്‍ശിച്ചു.
രാവിലെ വെള്ളായണിദേവീ ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷമാണ് പര്യടനത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് പ്രദേശത്തുള്ള വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ച വ്യക്തികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. രാജ്യത്തിന്റെ നിലനില്‍പ്പിന് എന്‍ഡിഎ ജയിക്കണമെന്നും അതിലേയ്ക്കായി കുമ്മനത്തിന്റെ വിജയം അനിവാര്യമാണെന്നുമായിരുന്നു ഏവരുടെയും പ്രതികരണം. പര്യടനത്തിനിടെ ചെങ്കോട് അംബേദ്ക്കര്‍ കോളനിയില്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് വന്ന കോളനിനിവാസികളുമായി കുമ്മനം സംവദിച്ചു. നിര്‍ധന കുടുംബങ്ങളുടെ അടുക്കളകള്‍ വിറകടുപ്പില്‍ നിന്നും ഗ്യാസ് അടുപ്പിലേക്ക് മാറിയ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയെ സംബന്ധിച്ച് കുമ്മനം കോളനി നിവാസികളോട് ചോദിച്ചറിഞ്ഞു. സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിച്ചതിന്റെ നന്ദികോളനി നിവാസികള്‍ മറച്ചു വച്ചില്ല.
തുടര്‍ന്ന് ബാലരാമപുരം സ്പിന്നിംഗ് മില്ലിലെത്തിയ കുമ്മനം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ യൂണിറ്റ് സന്ദര്‍ശിച്ചു. ഹൃദ്യമായ സ്വീകരണമാണ് ജീവനക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ജീവനക്കാര്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളെകുറിച്ച് കുമ്മനവുമായി അവര്‍ പങ്കുവച്ചു. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ യൂണിറ്റിന് വി. മുരളീധരന്‍ എംപിയുടെ ഇടപെടലിലൂടെ 187 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് സിഎസ്‌ഐ സൗത്ത് കേരള ഡയോസിസ് ഫാ. ജോസുമായി കൂടിക്കാഴ്ച നടത്തി. പനങ്ങോട് പേപ്പര്‍കവര്‍ നിര്‍മ്മാണ യൂണിറ്റിലെ സന്ദര്‍ശനത്തിനു ശേഷം വിഴിഞ്ഞം ഔവര്‍ ലേഡി ഗുഡ് വോയേജ് ചര്‍ച്ചിലെത്തി ഫാ. ജസ്റ്റിന്‍ജൂഡുമായി സംസാരിച്ചു. ഓഖി ദുരന്ത സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ സംബന്ധിച്ചും മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം അനുവദിച്ചതിന്റെ നന്ദിയും ഫാ. ജസ്റ്റിന്‍ജൂഡ് കുമ്മനത്തെ അറിയിച്ചു. തുടര്‍ന്ന് കാഞ്ഞിരം കുളത്തെ റോഡ് ഷോയിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.
ബിജെപി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍, ദക്ഷിണമേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാരി, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷമി, കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീലത, കല്ലിയൂര്‍ പഞ്ചായത്ത് അംഗം പദ്മകുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു
Post Your Comments