ചിറയിന്‍കീഴ്: ബന്ധുവിന്റെ അടിയേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിന് ബന്ധുവിന്റെ അടിയേറ്റത്. മേല്‍കടയ്ക്കാവൂര്‍ വെള്ളിപ്പാട്ടുമൂല കൊച്ചുതെങ്ങുവിള വീട്ടില്‍ കൃഷ്ണന്റെ മകന് വിനോദ് (35) ആണ് ബന്ധുവിന്റെ അടിയേറ്റ് മരിച്ചത്. കടയ്ക്കാവൂര്‍ ചിറമൂലയില് വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
മദ്യപാനത്തിനിടെയാണ് രണ്ടുപേരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനിടയില്‍ ബന്ധുവായ അശോകന് കമ്പികൊണ്ട് വിനോദിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിച്ചശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അശോകന് വിനോദിന് മരണം സംഭവിച്ചകാര്യം അറിഞ്ഞിരുന്നില്ല. രാത്രി 9.15 ഓടെ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്നിരുന്ന വിനോദിനെ അശോകന്റെ വീട്ടുമുറ്റത്ത് കണ്ടത്. പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാര്‍ നല്കിയ വിവരമനുസരിച്ച് അശോകനെ കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
Post Your Comments