ഭര്‍ത്താവിന്റെ വീട്ടില്‍ വര്‍ഷങ്ങളായി പീഡനത്തിനിരയായി പട്ടിണി കിടന്ന് മരണപ്പെട്ട തുഷാരയുടെ ജീവിതത്തെക്കുറിച്ച് ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊടിയ പട്ടിണിയിലും ഭര്‍ത്താവിന്റെയും മാതാവിന്റെയും മര്‍ദ്ദനവുമേറ്റ് തുഷാര നിലവിളിക്കുന്നത് കേട്ടിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അയല്‍വീടുകളില്‍ നിലവിളി ഉയര്‍ന്നാലോ അവിടെ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചെന്ന് തോന്നിയാലോ അതിലിടപെടാന്‍ പഴയതുപോലെ നമ്മുടെ സമൂഹം മടിക്കുന്നതായി എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. ഫെയ്‌സ്ബുക്കിലൂടെ രൂക്ഷമായാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘അന്നു രാത്രി ഊണു കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് പിള്ളാരെ വളര്‍ത്തേണ്ട രീതിയെപ്പറ്റി അവിടെയുള്ള പിതാക്കന്മാരോടു ഞാന്‍ സംസാരിച്ചു. തളളമാര്‍ക്ക് ശരിക്കു ചോറു കൊടുക്കേണ്ട കാര്യത്തെക്കുറിച്ചും സംസാരിച്ചു.’ ( വൈക്കം മുഹമ്മദ് ബഷീര്‍ )
ചോറും നല്ല കറികളുമെല്ലാം ആണുങ്ങള്‍ക്കു കൊടുത്തിട്ട് ഉണക്കുകപ്പ പൊടിച്ച് പുട്ടുണ്ടാക്കി അതും തേയില തിളപ്പിച്ച വെള്ളവും കുടിക്കുന്ന പെണ്ണുങ്ങള്‍ ബഷീറെഴുതിയ പോലെ ഇന്നും പല ഭര്‍തൃ വീടുകളിലുമുണ്ട്. പെറ്റു കിടക്കുന്ന തള്ളയാട് നേന്ത്രപ്പഴം കട്ടു തിന്നപ്പോള്‍ പാത്തുമ്മാ പറഞ്ഞത്, ‘ പോട്ടെ ഇക്കാക്കാ, അതിനു വെശന്നിട്ടാ, ഞാന്‍ വേറെ രണ്ടെണ്ണം വാങ്ങിത്തരാം’ എന്നാണ്.
ഇന്നലെ മരിച്ച സ്ത്രീക്ക് അതു പോലുമുണ്ടായിരുന്നില്ല. 20kg –വായില്‍ തിരുകിയ തുണികള്‍ അവരുടെ അലര്‍ച്ച പുറത്തേക്കു കൊണ്ടുവരികയില്ല. പുറത്തേക്കു വന്നാലും അന്യവീടുകളിലെ പ്രശ്‌നങ്ങളില്‍ പഴയതുപോലെ സമൂഹം ഇടപെടുകയില്ല. എല്ലാം ഓരോ വ്യത്യസ്ത യൂണിറ്റാണ്. ചെന്നു കയറി ഇടപെടാന്‍ പാടില്ലാത്ത വിധം അടച്ചത്.
അധികാരിയുടെ ഉടല്‍ ഭര്‍ത്താവില്‍ നിന്ന് അയാളുടെ അമ്മയിലേക്കും നീളുന്നു. ആണാവുക മാത്രമല്ല, ആണിന്റെ അമ്മയാകുന്നതും ഒരധികാരമാണ്, അവകാശമാണ്.വീട്ടിലേക്കു വന്നു കയറുന്ന പെണ്‍കുട്ടിയുടെ ജീവിതമൊന്നും അവരുടെ അജണ്ടയിലില്ല. ആണ്‍കോയ്മയുടെ യുക്തികളെ അവര്‍ ലളിതമായി സംരക്ഷിക്കും. പാലങ്ങളുറപ്പിക്കാന്‍ നരബലി നടത്തുന്നതു പോലെ കുടുംബ ‘ഭദ്രതയ്ക്ക് ‘ വേണ്ടി ഇവര്‍ പെണ്‍ ബലി നടത്തും. ‘ഭദ്രത ‘ പ്രധാനമല്ലേ? അതിനാല്‍ അടങ്ങിയൊതുങ്ങിക്കഴിയാന്‍ ഇനിയും പെണ്‍കുട്ടികളോടു നാം പറഞ്ഞു കൊണ്ടേയിരിക്കും.
എസ്.ശാരദക്കുട്ടി
https://www.facebook.com/saradakutty.madhukumar/posts/2420734541273124
Post Your Comments