കരുനാഗപ്പള്ളി : സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും കുടിവെള്ളം ശേഖരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍ കുളങ്ങളും കിണറുകളും നിര്‍മിക്കുകയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍. ഇതുവരെ 23 കുളങ്ങളും 25 കിണറുകളും പൂര്‍ത്തിയായി.പരമ്പരാഗത ജലസ്രോതസ്സുകള്‍ കുറയുകയും കുടിവെള്ളക്ഷാമം അനുദിനം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസംരക്ഷണത്തിന് പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുത്തത്.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതലായും സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആലപ്പാട്, ഓച്ചിറ, തഴവ പഞ്ചായത്തുകളില്‍ അഞ്ചുവീതം കുളങ്ങളും തൊടിയൂരില്‍ ആറും കുലശേഖരപുരത്ത് രണ്ടും കുളങ്ങളാണ് നിര്‍മിച്ചത്. 15 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമാണ് ഓരോ കുളത്തിനുമുള്ളത്. അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതാണ് ഓരോ കുളവും. 310 തൊഴില്‍ദിനങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കിയത്. നിര്‍മാണം പൂര്‍ത്തിയായ എല്ലാ കുളങ്ങളും ജലസമൃദ്ധവുമാണ്. തഴവ പഞ്ചായത്തിലാണ് 25 കിണറുകള്‍ പൂര്‍ത്തീകരിച്ചത്. 2225 മഴക്കുഴികളും നിര്‍മിച്ചു.
Post Your Comments