ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് 6,000 അനധികൃത താമസക്കാര്‍ യുഎഇ പൗരത്വം നല്‍കുന്നത്. 2,000 ലധികം സമാനകേസുകള്‍ പരിഗണനയിലാണ്. റംസാന് മുമ്പ് തന്നെ ഈ കേസുകളിലും തീരുമാനമാകുമെന്നും സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.
ഒരു ലൈവ് റേഡിയോ പരിപാടിക്കിടെ പൗരത്വമില്ലാത്ത ഒരു സ്ത്രീയുടെ ആശങ്ക കേള്‍ക്കുന്നതിനിടെയാണ് അദ്ദേഹം സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. പരാതിക്കാരിയുടെ കണ്ണുനീര് മനസിലാക്കുന്നതിനാല്‍ റംസാന് വരെ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വമില്ലാതെ കഴിയുന്നവര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അങ്ങനെ ജീവിതം സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വമില്ലാതെ അവര്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണെങ്കില്‍ വഴി തെറ്റിപ്പോകും അത്തരം കുട്ടികളുടെ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകും. ചിലപ്പോള്‍ തീവ്രവാദ ആശയങ്ങളാല്‍ വഴിതെറ്റിക്കപ്പെടുമെന്നും ഷാര്‍ജയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ഈ പ്രശ്നം ഫലപ്രദമായി പരിഹരിക്കണമെങ്കില്‍ സമൂഹത്തിലെ ഈ വിഭാഗത്തെ രാജ്യത്തെ പൗരന്മാരാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ ദുര്‍ബലവിഭാഗത്തില്‍ നിന്നുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് ശരിയായ പരിഹാരം വേണം. ഇത്തരം കേസുകള്‍ക്ക് പരിഹാരം കാണാന്‍ കുറച്ച് സമയം വേണമെന്നും ഒരാളുടെ പ്രശ്നം മാത്രം പരിഹരിച്ച് മറ്റുള്ളവരെ അവഗണിക്കുന്നത് ശരിയല്ലെന്നും ഡോ. ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. വിഷമിക്കേണ്ട, ഞങ്ങള്‍ നിങ്ങളെ ഒരിക്കലും അവഗണിക്കില്ല എന്നുറപ്പ് നല്‍കിയാണ് ലൈവ് പരിപാടിയില്‍ തന്നെ വിളിച്ച സ്ത്രീയേയും മറ്റുള്ളവരേയും അദ്ദേഹം ആശ്വസിപ്പിച്ചത്.
Post Your Comments