മലപ്പുറം: ജില്ലയില്‍ സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റവന്യൂ, ആരോഗ്യ വകുപ്പുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. സൂര്യാഘാതം, സൂര്യതാപം, ഉഷ്ണ തരംഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വരള്‍ച്ച അവലോകനവും നടത്താനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജോലി സമയം ക്രമീകരിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നയിടങ്ങളിലെ ജോലിക്കാരുടെ കാര്യത്തില്‍ കര്‍ശനമായി പാലിക്കണം. രാവിലെ 11 നും മൂന്നിനുമിടയില്‍ ഒരു കാരണവശാലും പുറത്തിറങ്ങുകയോ ഇരുച്ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുകയോ ചെയ്യരുത്.
സൂര്യാഘാതത്തിനിരയായി 15 ദിവസത്തിലധികം ആശുപത്രിയില്‍ കിടത്തി ചികിത്സക്കു വിധേയമായവര്‍ക്കു അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നു കലക്ടര്‍ അറിയിച്ചു. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മതിയായ വെള്ളം ലഭിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണമെന്നു കലക്ടര്‍ പറഞ്ഞു.
വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും പൊതുജലാശയങ്ങളിലും നടത്തുന്ന സ്വകാര്യ പമ്പിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചു. അനധികൃത പമ്പിംഗ് കണ്ടെത്തി നടപടി സ്വീകരിക്കുന്നിതിനായി പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കും. വാണിജ്യാവശ്യത്തിനുള്ള കുഴല്‍കിണറുകളുടെ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിവെക്കണം. ഗാര്‍ഹിക ആവശ്യത്തിനുള്ള കുഴല്‍കിണറുകള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു അനുമതി വാങ്ങണം. പുഴകളില്‍ ആവശ്യമായ ഇടങ്ങളില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ തടയണകള്‍ നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ എടവണ്ണ, അരീക്കോട്, ഒതുക്കുങ്ങല്‍, കുറ്റിപ്പുറം ഭാഗങ്ങളില്‍ 2017 ലെ വരള്‍ച്ചാ കാലത്തേക്കാള്‍ ജലവിതാനം താഴ്ന്നിട്ടുണ്ട്.
Post Your Comments