KeralaLatest News

ശബരിമല വിശ്വാസികളെ വേട്ടയാടിയതും മറ്റും ബിജെപി പ്രചരണ വിഷയമാക്കും – അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

തിരുവനന്തപുരം• ശബരിമലവിഷയത്തിൽ കേന്ദ്രസർക്കാരിന് നിയമനിർമാണം നടത്താൻ അധികാരം ഉണ്ടെങ്കിൽ അത് വിശ്വാസസംരക്ഷണാർത്ഥം ഉപയോഗിക്കുന്നതിന് ബി.ജെ.പി പരമാവധി ശ്രമിക്കും. ശബരിമലയിലെ വിശ്വാസികൾക്ക് നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകർക്കാനുള്ള ശ്രമങ്ങളും ജനങ്ങൾക്കിടയിൽ സമാധാനപരമായരീതിയിൽ ബോധവൽക്കരണ വിഷയമാക്കാൻ ഓരോ ബി.ജെ.പി പ്രവത്തകനും സ്ഥാനാർത്ഥിക്കും അവകാശം ഉണ്ട്.

ഓരോ മണ്ഡലങ്ങളിലെയും പ്രാദേശികമായ മുഖ്യവിഷയങ്ങൾ തീർച്ചപ്പെടുത്തുന്നത് അവിടുത്തെ തിരഞ്ഞെടുപ്പ് സമിതിയാണ്. തിരഞ്ഞെടുപ്പിൽ ഇക്കാര്യം ചർച്ചാ വിഷയം ആകില്ലെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിൽ ഇക്കാര്യം നിയമാനുസരണം ഉയർത്തിപ്പിടിച്ച് പ്രചാരണം നടത്തുവാൻ അവിടെ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും പൂർണ സ്വാതന്ത്യം ഉണ്ട് . ബിജെപി പ്രചരണസമിതി യോഗത്തിൽ പങ്കെടുത്ത എന്നോട് മുഖ്യ പ്രചരണവിഷയം എന്താണെന്ന് ചോദിച്ചപ്പോൾ, ‘വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യം ഉയർത്തി മോദി ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി പാർട്ടി പ്രവർത്തകർ പരമാവധി ശ്രമിക്കുമെന്നാണ് ഞാൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് സംബന്ധിച്ച ചിലഭാഗങ്ങൾ അടർത്തിയെടുത്ത് കുപ്രചരണങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലവിഷയത്തിൽ യുവതി പ്രവേശനത്തിനായി സുപ്രിം കോടതി റദ്ദുചെയ്തു വിധിച്ചിട്ടുള്ള വകുപ്പ് കേരളസംസ്ഥാനം പാസാക്കിയ നിയമത്തിന്റെ ഭാഗമാണ്. അത് ഭരണഘടനയിലെ സംസ്ഥാന പട്ടികയിൽ പെട്ടതാകയാൽ സ്വാഭാവികമായും കേന്ദ്രത്തിന് ഇതിൽ ഇടപെടാൻ ആവില്ലെന്നാണ് ഒടുവിൽ ലഭ്യമായ നിയമോപദേശം. എന്നാൽ കേന്ദ്രത്തിന് ഇടപെടാൻ നിയമം അനുവദിക്കുമെങ്കിൽ അക്കാര്യത്തിൽ കേന്ദ്രനിയമനിർമാണത്തിനായി ആവതെല്ലാം ചെയ്യാൻ ബിജെപി മുൻപന്തിയിൽ ഉണ്ടാകും. വിശ്വാസസമൂഹത്തിനും, പന്തളം രാജകുടുംബത്തിനും ഇക്കാര്യത്തിൽ തെല്ലും ആശങ്കപെടേണ്ടതില്ല . വിശ്വാസ സംരക്ഷണത്തിനായിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ബിജെപിയുടെ കലവറയില്ലാത്ത പിന്തുണ ഉണ്ടായിരിക്കുമെന്നും പിള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button