Kerala

വോട്ടവകാശത്തിന്റെ പ്രാധാന്യം അറിയിച്ച് ബുള്ളറ്റ് റാലിയുമായി കാസർഗോഡ് ജില്ലാ കളക്ടര്‍

‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന സന്ദേശ പ്രചാരണാര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിഭാഗമായ സ്വീപ് ബോവിക്കാനത്ത് സംഘടിപ്പിച്ച ബുള്ളറ്റ് റാലി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ബുള്ളറ്റ് ഓടിച്ച് ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡല്‍ ഓഫീസര്‍ ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദ് വോട്ട് സന്ദേശം നല്‍കി.
കാസര്‍കോട്ടെ വിവിധ ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ്ബുകളില്‍ നിന്നുള്ള 15 റൈഡര്‍മാരാണ് കാസര്‍കോടിന്റെ മലയോരമേഖലയില്‍ നടത്തിയ യാത്രയില്‍ പങ്കെടുത്തത്. കുറ്റിക്കോല്‍, പനത്തടി, മാവുങ്കാല്‍, കാഞ്ഞങ്ങാട്, മേല്‍പ്പറമ്പ്, കാസര്‍കോട് എന്നിവിടങ്ങളില്‍ വോട്ട് സന്ദേശ പ്രചാരണം നടത്തി. കോപറേറ്റീവ് ഇന്‍സ്‌പെക്ടര്‍മാരായ പി. ബൈജു രാജ്, ശ്രീ.കെ.സി. സതീഷ് എന്നിവര്‍ യാത്ര നയിച്ചു. സ്വീപിന്റെ ഭാഗമായി ജില്ലയില്‍ ഇതിനകം വൈവിധ്യമാര്‍ന്ന നിരവധി വോട്ടര്‍ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇനിയും നിരവധി പരിപാടികള്‍ നടക്കും. ഇത്തരം ബോധവത്കരണ പരിപാടികളിലൂടെ പ്രകൃതി സൗഹൃദവും സമാധാനപരവുമായ ഇലക്ഷനാണ് ലക്ഷ്യമിടുന്നത്.

മാര്‍ച്ച് 31ന് വോട്ട് ചെയ്യല്‍ ഉറപ്പ് വരുത്തുന്നതിനായി പള്ളിക്കര ബീച്ചില്‍ തീരദേശ വോട്ട് സന്ദേശ യാത്ര നടത്തും. ഏപ്രില്‍ ഒന്നിന് മഞ്ചേശ്വരത്തെ ഹൊസ്സഗടിയില്‍ രാവിലെ 9.30 നും കുമ്പളയില്‍ ഉച്ചക്ക് 12നും പെര്‍ളയില്‍ വൈകുന്നേരം മൂന്നിനും തെരുവ് നാടകം അരങ്ങേറും. ഏപ്രില്‍ രണ്ടിന് കാസര്‍കോടും മുള്ളേരിയയിലും ചെര്‍ക്കളയിലും, മൂന്നാം തീയ്യതി ഉദുമയിലും ചട്ടഞ്ചാലിലും തെരുവ് നാടകം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് – അമ്പലത്ത് കര – പനത്തടി എന്നിവിടങ്ങളില്‍ നാലാം തീയതിയും തെരുവ് നാടകങ്ങള്‍ അരങ്ങേറും.
എട്ടാം തീയ്യതി എല്‍ ബി എസ് കോളേജിലും, പതിനൊന്നിന്ന് തൃക്കരിപൂര്‍ എഞ്ചിനീയറിംഗ് കോളേജിലും മൈ വോട്ട്, മൈ റൈറ്റ് ക്യാംപയിന്‍ സംഘടിപ്പിക്കും.
ഒന്‍പതിന് പൊതുജനങ്ങളുടെ വോട്ട് ചെയ്യല്‍ ഉറപ്പിക്കാനും ഹരിത ഇലക്ഷന്‍ സന്ദേശം പകരാനുമായി താലൂക്ക് ഓഫീസ് മതില്‍ ചുവരെഴുത്ത് നടക്കും. കാസര്‍കോട് താലൂക്ക് ഓഫീസ്, കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസ് എന്നിവിടങ്ങളിലാണ് മതില്‍ ചുവരെഴുത്ത് നടത്തുന്നത്.  സീതാംഗോളി, പെര്‍മുദ, ബന്തിയോട്, ഹൊസങ്ങടി- വോര്‍ക്കാടി എന്നിവിടങ്ങളില്‍ പത്തിന് ബൈക്ക് റാലി സംഘടിപ്പിക്കും. പാണത്തൂര്‍, പനത്തടി എന്നിവിടങ്ങളിലായി പതിനാറിന് മലയോര വോട്ട് സന്ദേശ യാത്ര നടത്തും. പതിനേഴിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ താലൂക്ക് ഓഫീസ് പരിസരം വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. ജില്ലയിലെ ക്ലസ്റ്ററിലെ ഹയര്‍ സെക്കന്ററി വിഭാഗം എന്‍ എസ് എസ് വളണ്ടിയേഴ്‌സ്, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ ഉള്‍പടെ നിരവധി പേര്‍ അടങ്ങുന്ന കൂട്ടയോട്ടവും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button