മലപ്പുറം: സംസ്ഥാനത്ത് ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 25 നും 26 നും ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി വരെയും മാര്‍ച്ച് 27 നും 28 നും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെയും ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മാര്‍ച്ച് 25 മുതല്‍ 28 വരെ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.
മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു:
– പകല്‍ 11 മുതല്‍ മൂന്ന് വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കുക.
– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക.
– രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ മൂന്ന് വരെ എങ്കിലും വെയില്‍ കൊള്ളുന്നത് ് ഒഴിവാക്കുക.
– പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. അവധിക്കാലത്ത് കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്നുവെങ്കില്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കാതെ സൂക്ഷിക്കണം.
– അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
– സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണം.
– ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ചൂടേല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും യാത്രക്കിടയില്‍ ആവശ്യമെങ്കില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും വേണം.
– മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് കുളിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കുക.
– തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുപ്രവര്‍ത്തകരും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം.
Post Your Comments