കുങ്‌സുന് ഒരു സാധാരണ നായക്കുട്ടിയല്ല. ഹുവാഹുവാങ്മയില്‍ നിന്ന് ക്ലോണിങിലൂടെ ജനിപ്പിച്ചതാണ് ഈ നായക്കുട്ടിയെ. അതായത് ക്ലോണിങിലൂടെ ജനിച്ച ആദ്യത്തെ നായക്കുട്ടി. കുന്‍മിങ് വൂള്‍ഫ് ഇനത്തില്‍ പെട്ട നായയാണ് കുങ്‌സുന്‍. രണ്ട് മാസം പ്രായമായ കുങ്‌സുന്‍ ഇപ്പോള്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ പൊലീസ് ഡോഗ് ട്രയിനിങ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ചൈനയിലെ തന്നെ ഏറ്റവും സമര്‍ത്ഥയായ പൊലീസ് നായയില്‍ നിന്നാണ് കുങ്‌സുനിനെ ജനിപ്പിച്ചത്. പ്രത്യേക ലക്ഷ്യം മുന്നില്‍ കണ്ട് ക്ലോണ്‍ ചെയ്ത ആദ്യ ജീവിയാണ് കുങ്‌സുന്‍.
ചൈനയിലെ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള കുന്‍മിങ് പൊലീസ് ഡോഗ് ബേസിലാണ് കുങ്‌സുനിന്റെ പരിശീലനം. എട്ട് മുതല്‍ 10 മാസം വരെയാണ് കുങ്‌സുനിന്റെ പരിശീലനം നീണ്ടു നില്‍ക്കുക. ഇതിനിടയില്‍ മയക്കുമരുന്നും ബോംബുകളും മറ്റ് ആയുധങ്ങളും കണ്ടെത്തുന്നതിനും തീയില്‍ നിന്നും വെള്ളത്തില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനുമുള്‍പ്പടെയുള്ള പരിശീലനങ്ങള്‍ കുങ്‌സുന് ലഭിക്കും. പൊലീസ് നായയാകുന്നതിനു വേണ്ടി എല്ലാ ലക്ഷണങ്ങളും ചേര്‍ന്ന നായയെ ലഭിക്കുന്നതിനായാണ് ആഭ്യന്തരമന്ത്രാലയം ക്ലോണിങിന് അനുമതി നല്‍കിയത്. പരീക്ഷണം വിജയിച്ചാല്‍ ഇതേ ജീനില്‍ നിന്ന് കൂടുതല്‍ നായ്ക്കുട്ടികളെ ക്ലോണ്‍ ചെയ്യാനാണ് ചൈനയുടെ പദ്ധതി.
ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെയും മറ്റൊരു നായ വിഭാഗത്തെയും ചേര്‍ത്ത് സങ്കരയിനമായി സൃഷ്ടിച്ചതാണ് കുന്‍മിങ് വൂള്‍ഫ് ഡോഗുകളെ. 1950 കളില്‍ സൈന്യത്തിന്റെ ഭാഗമാക്കാനാണ് ഇവയെ ഉപയോഗിച്ചത്. ഡോഗോ ഡിക്റ്ററ്റീവ് എന്ന പേരില്‍ പ്രശസ്തയായ കുങ്‌സുനിന്റെ അമ്മ ഹുവാഹുവാങ്മ നിരവധി കേസുകള്‍ തെളിയിക്കുന്നതിലും പല കുറ്റവാളികളെയും പിടികൂടുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2016ല്‍ യുനാനിലെ ഒരു ഹോട്ടലില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ച സുപ്രധാന തെളിവായ താക്കോല്‍ കണ്ടെത്തിയത് ഹുവാഹുവാങ്മ ആയിരുന്നു. ഇത്തരം സംഭവങ്ങളാണ് ഹുവാഹുവാങ്മയുടെ അതേ ജനുസ്സിലുള്ള നായകള്‍ കൂടുതല്‍ പൊലീസ് സേനയില്‍ ഉണ്ടാകുന്നത് നല്ലതാണെന്ന ചിന്ത ചൈനീസ് ആഭ്യന്തര മന്ത്രാലയത്തിനുണ്ടാക്കിയതും.
സിനോജീന്‍ എന്ന സ്വകാര്യ കമ്പനിയും ചൈനീസ് കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നാണ് ഹുവാഹുവാങ്മയുടെ ക്ലോണിങ് നടത്തിയത്. ഹുവാഹുവാങ്മയില്‍ നിന്ന് ജനിതക സാംപിളുകള്‍ ശേഖരിച്ച് മറ്റൊരു നായയുടെ അണ്ഡവുമായി ചേര്‍ത്ത് സറഗേറ്റീവായി ഉപയോഗിച്ച ബീഗിള്‍ ഇനത്തില്‍ പെട്ട നായയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് ഡിസംബര്‍ 19 നാണ് കുങ്‌സുന്‍ ജനിച്ചത്.
Post Your Comments