Life Style

വേനല്‍ക്കാലത്ത് ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് : നിര്‍ദ്ദേശങ്ങളുമായി ഭാരതീയ ചികിത്സാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. അതനുസരിച്ച് അസുഖങ്ങളും പകര്‍ച്ചവ്യാധികളും കൂടുന്നു. വേനലില്‍ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാന്‍ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടരണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. വേനല്‍ക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ശരീരബലം കുറഞ്ഞിരിക്കുന്നതിനാല്‍ ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണം.

എളുപ്പം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും സ്നിഗ്ധവും തണുത്ത ഗുണത്തോടു കൂടിയതുമായ ആഹാരങ്ങളുടെ ഉപയോഗം വേനല്‍ക്കാലത്ത് ആരോഗ്യം നിലനിര്‍ത്തുന്നതിനും വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണമെന്ന് ആയുര്‍വേദം പറയുന്നു. കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തില്‍ ധാരാളമായി ഉപയോഗപ്പെടുത്തണം.

മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഗോതമ്പ്, അരി, കൂവരക്, ചോളം, ചെറുപയര്‍, പരിപ്പ് വര്‍ഗങ്ങള്‍ ഉപയോഗിക്കാം.കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. വിവിധ തരം പഴച്ചാറുകള്‍ നേര്‍പ്പിച്ചും ഉപയോഗിക്കാം. കൂടാതെ മോരിന്‍ വെള്ളം, നാരങ്ങാവെള്ളം എന്നിവയും തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കടിക്കാനായി ഉപയോഗിക്കാം.

സാധാരണ കുടിക്കുന്നതിലും കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതല്‍ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതാണ് നല്ലത്. മലര്‍പ്പൊടി പഞ്ചസാര ചേര്‍ത്ത് അല്‍പാല്‍പമായി കഴിക്കുന്നത് ക്ഷീണമകറ്റും.മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കണം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. നേരിട്ട് സൂര്യ രശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ആണ് അനുയോജ്യം. ശരീരതാപം വര്‍ധിക്കുന്നതിനാല്‍ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദിതൈലം പോലെയുള്ള എണ്ണകള്‍ പുരട്ടി കുളിക്കുന്നത് ത്വക്കിന് പ്രതിരോധശക്തി വര്‍ധിപ്പിക്കും.

സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ലഭ്യമായ ഷഡംഗം, കഷായ ചൂര്‍ണം, ഗുളൂച്യാദി കഷായ ചൂര്‍ണ്ണം, ദ്രാക്ഷാദികഷായ ചൂര്‍ണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനായി ഉപയോഗപ്പെടുത്താം. വേനല്‍ക്കാല രോഗങ്ങള്‍ക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുര്‍വേദ സ്ഥാപനങ്ങളില്‍ ലഭ്യമാണെന്നും ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button