Latest NewsLife Style

കരുതലോടെ പൊരുതാം, സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടാം

സംസ്ഥാനം വേനല്‍ ചൂടില്‍ വെന്തുരുകുകയാണ്. കുടിവെള്ളക്ഷാമത്തിലുപരി സൂര്യാഘാതമേറ്റ് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. പലതരത്തിലുള്ള മുന്നറിയിപ്പുകള്‍ വന്നിട്ടും സൂര്യാഘാതത്തിന്റെ തീവ്രത എന്തെന്നു മനസ്സിലാക്കാത്തവരാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ഇരകളാകുന്നത്. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് ശരീരത്തിലെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം .ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക്ക് എന്ന് പറയുന്നത്. വളരെ ഉയര്‍ന്ന ശരീര താപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡീ മിടിപ്പ്, ശക്തിയായ തല വേദന ,തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതംമൂലം ഉണ്ടാകുന്നു.

ചൂട് പ്രധാനമായും 2 വിധത്തിലാണു മനുഷ്യരെ ബാധിക്കുക. അധികമായി വിയര്‍ക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു നിര്‍ജലീകരണം സംഭവിക്കാം. വിയര്‍പ്പിലൂടെ ധാരാളം ലവണങ്ങള്‍ നഷ്ടപ്പെടും. പ്രത്യേകിച്ചു സോഡിയത്തിന്റെ അളവു കുറയും. താപത്തളര്‍ച്ച എന്ന ആദ്യ ഘട്ടത്തില്‍ ക്ഷീണം, തളര്‍ച്ച, പേശി വലിവ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. നിര്‍ജലീകരണവും ലവണ നഷ്ടവും പരിഹരിക്കാന്‍ ഉതകുന്ന പാനീയങ്ങള്‍,പ്രത്യേകിച്ച് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീര്‍ എന്നിവ ധാരാളമായി കുടിക്കണം. ചൂടു കൂടിയ സാഹചര്യത്തില്‍ നിന്നു മാറി നില്‍ക്കുക, വിശ്രമം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ താപത്തളര്‍ച്ച പരിഹരിക്കാം. ഇതെല്ലാം അവഗണിച്ചാല്‍ താപത്തളര്‍ച്ച മൂര്‍ച്ഛിച്ചു താപാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക് എന്ന ഗുരുതരാവസ്ഥയുണ്ടാകും. ശരീരത്തില്‍ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന ഈ അവസ്ഥയില്‍ തൊലിയിലേക്കുള്ള രക്തയോട്ടം നിലച്ചു വിയര്‍ക്കല്‍ പൂര്‍ണമായും ഇല്ലാതാകും. കടുത്ത പനി പോലെ ശരീര താപനില ഉയരും. നാഡിമിടിപ്പ് വര്‍ധിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണംവരെ സംഭവിക്കാം. ഇപ്പോഴത്തെ കാലാവസ്ഥയില്‍ ആരോഗ്യമുള്ളവര്‍ക്കുപോലും ആവശ്യത്തിനു വെള്ളവും ലവണവും ലഭിച്ചില്ലെങ്കില്‍ താപാഘാത സാധ്യത ഉണ്ട്. വീടിനകത്തും ഈ സാധ്യത കൂടുതലാണ്.

രക്തത്തില്‍ സോഡിയത്തിന്റെ അളവു ക്രമാതീതമായി കുറയുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വഴിവയ്ക്കാം. ഫെബ്രുവരി 15 മുതല്‍ മേയ് 15 വരെ കുഴഞ്ഞുവീണുള്ള മരണ തോത് ഇതര സമയത്തെക്കാള്‍ നാലു മടങ്ങു വര്‍ധിക്കാറുണ്ട്. ചൂടു മൂലമുള്ള നിര്‍ജലീകരണം രക്തസാന്ദ്രതയും ഹൃദയ ധമനികളില്‍ ബ്ലോക്കുള്ളവരില്‍ ഹൃദയാഘാത സാധ്യതയും വര്‍ധിപ്പിക്കുന്നതാണു കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്കു പ്രധാന കാരണം. നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഭവങ്ങളില്‍ ഭൂരിഭാഗത്തിലും മരണത്തിന്റെ അടിസ്ഥാന കാരണമായ ചൂട് തിരിച്ചറിയാതെ പോകുന്നു. സൂര്യാഘാത മരണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ താപാഘാത മരണങ്ങളിലും കുഴഞ്ഞു വീണുള്ള മരണങ്ങളിലും വ്യക്തമായ ലക്ഷണങ്ങള്‍ പലപ്പോഴും കാണണമെന്നില്ല. ആന്തരികായവങ്ങളുടെ രാസപരിശോധനയ്ക്കു ശേഷമേ മരണകാരണം തീര്‍ച്ചപ്പെടുത്താനാകൂ.

സൂര്യാഘാതവും ,ശരീര ശോഷണവും വരാതിരിക്കുന്നതിനായി നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക.ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2 – 4 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം.ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക.വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ കഴിയുന്ന വിധം ജോലി സമയം ക്രമീകരിക്കുക.ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞു 3 മണി വരെയുള്ള സമയം വിശ്രമിക്കുന്നതാണ് അഭികാമ്യം.പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കാതെ അതോടൊപ്പംഉടന്‍ വൈദ്യ സഹായവും തേടണം.

കേരളത്തില്‍ ആദ്യമായി സൂര്യാഘാതം മരണകാരണമായി കണ്ടെത്തിയതു 2007 ഏപ്രില്‍ നാലിനു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു. ചെര്‍പ്പുളശ്ശേരിയിലായിരുന്നു സംഭവം. തുടര്‍ന്നു വിവിധ വര്‍ഷങ്ങളിലായി 8പേര്‍ കൂടി സൂര്യാഘാതത്താല്‍ മരിച്ചു. അതിനെക്കാള്‍ പ്രധാനം ഇതേ കാലയളവില്‍ പത്തിലധികംപേര്‍ താപാഘാതമേറ്റു മരിച്ചു എന്നതാണ്. ഇതില്‍ പകുതിയിലധികം സ്ത്രീകളാണ്. നേരിട്ടു വെയിലേല്‍ക്കാത്ത സാഹചര്യങ്ങളിലാണു മരണമെന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. മാര്‍ച്ച് 20നും ഏപ്രില്‍ 30നും ഇടയ്ക്കാണു ഭൂരിഭാഗം മരണങ്ങളും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍ താപനിലയോളം പ്രധാനമാണ് അന്തരീക്ഷത്തിലെ ആര്‍ദ്രതയും. താരതമ്യേന ആര്‍ദ്രത കുറഞ്ഞ പാലക്കാട്ട് 40 ഡിഗ്രി ചൂട് ഉണ്ടാക്കുന്ന അതേഫലം ആര്‍ദ്രത കൂടിയ തീര നഗരങ്ങളില്‍ 36 മുതല്‍ 38 ഡിഗ്രി വരെ ചൂട് ഉണ്ടാക്കിയേക്കാം. മുന്നറിയിപ്പുകളഎ മുഖവിലയ്‌ക്കെടുതത് വേണ്ട രീതിയില്‍ ശ്രദ്ധചെലുത്തിയാല്‍ ഈ മാരകമായ അപകടത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷ നേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button