കോഴിക്കോട്•പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ആരാച്ചാരാണെന്ന് ആരോപിച്ച് ഒരുകൂട്ടം നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തിരുവള്ളൂര്‍ മുരളി ഉള്‍പ്പെടെ ഉള്ളവരാണ് എന്‍.ഡി.എ സഖ്യകക്ഷിയായ കാമരാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
എല്‍.ഡി.എഫിന്റെ അച്ചാരം വാങ്ങി വാങ്ങി ജീവിക്കുന്ന യു.ഡി.എഫിന്റെ ആരാച്ചാരാണ് രമേശ് ചെന്നിത്തലയെന്ന് തിരുവള്ളൂര്‍ മുരളി ആരോപിച്ചു. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എല്‍ഡിഎഫിന്റെ അടിമയായി ജീവിക്കുകയാണ് പ്രതിപക്ഷ നേതാവ്. മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ നാടുകടത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമാണ് കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും മുരളി ആരോപിച്ചു. എന്‍ഡിഎയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും 25ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗം അന്തിമമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹയുദ്ദീന്‍ മാസ്റ്റര്‍, മേലടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കാളിയത്ത്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സുഹൈല്‍, പേരാമ്ബ്ര ബ്ലോക്ക് ജനറല്‍ സെക്രട്ടറി നോബിള്‍ കാപ്പില്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് നിര്‍വാഹകസമിതി അംഗം അഡ്വ.വി.ഇ. ലത എന്നിവരാണ് രാജിവച്ചത്. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവക്കുമെന്നും ഇവര്‍ അറിയിച്ചു.
Post Your Comments