സ്‌പെഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 72 സ്വര്‍ണവും 98 വെള്ളിയും 96 വെങ്കലവുമാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ കൈവരിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. ആതിഥേയരായ യു.എ.ഇ 61 സ്വര്‍ണവും 55 വെള്ളിയും 63 വെങ്കലവുമടക്കം മൊത്തം 179 മെഡല്‍ കരസ്ഥമാക്കി. 90 സ്വര്‍ണവുമായി കാനഡയാണ് നിലവില്‍ മുന്നില്‍. 37 വെള്ളിയും 28 വെങ്കലവും ഉള്‍പ്പെടെ 155 ആണ് കാനഡ ആകെ നേടിയത്. റഷ്യ 88 സ്വര്‍ണവും 51 വെള്ളിയും 33 വെങ്കലവുമടക്കം 172 മെഡല്‍ നേടിയിട്ടുണ്ട്.
അതേസമയം, ഇന്ത്യക്ക് ഇതുവരെ 266 മെഡലുകളാണ് സ്വന്തമാക്കിയത്. ഒന്നര ഡസന്‍ മെഡലുകളാണ് കേരളം ഇതുവരെ സ്വന്തമാക്കിയത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഹാന്‍ഡ്ബാളില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണവും വനിത ടീം വെങ്കലവും കരസ്ഥമാക്കി. 4×100 മീറ്റര്‍ റിലേയില്‍ വെള്ളി, ബാഡ്മിന്റണ്‍ ഡബ്ള്‍സില്‍ സ്വര്‍ണം, സൈക്ലിങ്ങില്‍ വെങ്കലം, വോളിബാളില്‍ രണ്ട് വെള്ളി, വെങ്കലം തുടങ്ങിയ മെഡലുകളും നേടി. യു.എസ്.എ , ബ്രിട്ടന്‍, ചൈന തുടങ്ങിയവയാണ് മുന്‍ നിരയിലുള്ള മറ്റു രാജ്യങ്ങള്‍. സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ സമാപനം വ്യാഴാഴ്ച നടക്കും.
Post Your Comments