KeralaLatest News

പ്ലാസ്റ്ററിട്ട കാലുമായെത്തിയ ഉദ്യോഗാര്‍ഥിക്ക് മുമ്പില്‍ കനിഞ്ഞ് പിഎസ്‌സി ഇന്റര്‍വ്യു ബോര്‍ഡ്

കാസര്‍കോട്: സാധാരണയായി ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി ബോര്‍ഡിന് മുമ്പിലാണ് കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആ പതിവ് തെറ്റി. പ്ലാസ്റ്ററിട്ട കാലുമായി ഓട്ടോറിക്ഷയില്‍ പരസഹായത്തോടെ എത്തിയ ഉദ്യോഗാര്‍ഥി ചെറുവത്തൂര്‍ സ്വദേശി മണികണ്ഠന് മുന്നില്‍ ബോര്‍ഡ് എത്തി ഇന്റര്‍വ്യു നടത്തി. മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യുവിനു പുലിക്കുന്നിലെ പിഎസ്സി ഓഫിസില്‍ എത്തിയ മണികണ്ഠനു ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തില്‍ മൂന്നാം നിലയിലേക്കു കയറുക അസാധ്യമായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ വലതുകാല്‍ ഊന്നാനും മടക്കാനും കഴിയില്ല.

ഉദ്യോഗാര്‍ഥിയെ മൂന്നാം നിലയിലേക്കു കയറ്റാന്‍ മാര്‍ഗമില്ലെന്നു കൂടെ വന്നവര്‍ പിഎസ്സി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പിഎസ്സി ഓഫിസര്‍ വി.വി.പ്രമോദ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൂന്നാം നിലയില്‍നിന്നു താഴെയിറങ്ങി ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യു ചെയ്യാന്‍ പിഎസ്സി ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാന്‍ പി ശിവദാസന്‍ തയാറാവുകയായിരുന്നു. പിഎസ്സി അംഗം ഡോ. ജിനു സക്കറിയ ഉമ്മന്‍, ഡിഎംഒ എ.പി.ദിനേശ്കുമാര്‍, കോഴിക്കോട് കോര്‍പറേഷന്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 4 പേരായിരുന്നു ഇന്റര്‍വ്യു ബോര്‍ഡ്. 45 ഉദ്യോഗാര്‍ഥികള്‍ക്കായിരുന്നു ഇന്നലെ ഇന്റര്‍വ്യു നടന്നത്. മണികണ്ഠന്റെ കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം മാറ്റി രഹസ്യസ്വഭാവം നിലനിര്‍ത്തിയാണ് ഇന്റര്‍വ്യു നടത്തിയത്. കോടതി വരെ കയറിയിറങ്ങിയാണ് ഏറെ വൈകി മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഇന്റര്‍വ്യു നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button