വയനാട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതു മുതല്‍ സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച രണ്ടു പരാതികള്‍ തീര്‍പ്പാക്കി. മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളില്‍ നിന്നാണ് കലക്ടറേറ്റിലെ അന്വേഷണ കൗണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കണ്ട്രോള് യൂനിറ്റിലേക്ക് പരാതിയെത്തിയത്. ഈ പരാതികള്‍ അഞ്ചു മിനിറ്റിനകം തന്നെ ബന്ധപ്പെട്ട ഫീല്‍ഡ് സ്ക്വാഡുകള്‍ക്കു കൈമാറി പരിഹരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടര്‍മാര്‍ക്കു തന്നെ തടയാനുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് സി-വിജില്‍. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയയോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ കണ്ട്രോള് യൂനിറ്റില്‍ നിന്ന് ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി ചട്ടലംഘനം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സ്ക്വാഡിന് കൈമാറും. നൂറു മിനിറ്റിനകം ഇതിനു പരിഹരിമുണ്ടാവും. അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതിയുടെ തല്‍സ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയാം. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപോര്‍ട്ട് ചെയ്യാന്‍ കഴിയും. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. നോഡല്‍ ഓഫിസര്‍ ബി പ്രദീപിന്റെ നേതൃത്വത്തില്‍ ആറുപേരാണ് കണ്ട്രോള് യൂനിറ്റിലുള്ളത്. ഒരു മണിക്കൂര്‍ വീതം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. 16 സ്ക്വാഡുകളിലായി 30 അംഗങ്ങള്‍ ഫീല്‍ഡിലുണ്ട്.
Post Your Comments