ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മധുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് രാത്രി എട്ട് മണി വരെ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സാധാരണ വോട്ടിംഗ് സമയം. വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് കമ്മീഷന്‍ വോട്ടിംഗ് സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. ചിത്തിര ഉത്സവം ദിവസമായ ഏപ്രില്‍ 18നാണ് മധുര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കായി അധിക സമയം നീട്ടി നല്‍കിയിരിക്കുന്നത്. ചിത്തിര ഉത്സവ ദിവസമായതിനാല്‍ വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
വിഷയം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിരഞ്ഞെടുപ്പ് ഓഫീസറായ സത്രബ്രത സാഹു ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ വോട്ടെടുപ്പ് സമയത്തില്‍ ഇളവ് അനുവദിക്കാമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ മാത്രം തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാട് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി പിന്നീട് വിധി പറയും.
Post Your Comments