ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ വിഷയമാക്കരുതെന്ന് സിപിഎം നിര്‍ദേശം. വേദികളില്‍ ഇത്തരം വിഷയം ചര്‍ച്ചയായാല്‍ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി എന്തായിരുന്നെന്നും അതു നടപ്പാക്കാതിരുന്നെങ്കില്‍ സര്‍ക്കാരിനു നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്‌നങ്ങള്‍ എന്തെന്നും കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കണം. പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ നിയമസഭാ മണ്ഡലം തലത്തില്‍ പരിശീലനം നല്‍കുന്നവര്‍ക്കാണു നിര്‍ദേശം.വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും നിര്‍ദേശം നല്‍കി.
ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ദൈവങ്ങളെയും ആരാധനാലയങ്ങളെയും മുന്‍നിര്‍ത്തിയുളള പ്രചാരണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇവ രാഷ്ട്രീയ മത്സരത്തില്‍ നിന്ന് ഒഴിവാക്കണം. വിദ്വേഷ പ്രസംഗം നടത്തുന്നുണ്ടോ എന്നറിയാന്‍ കര്‍ശന പരിശോധന നടത്തുമെന്നും ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനി പ്രസംഗങ്ങള്‍ നടത്താന്‍ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ പരിഗണന നല്‍കുന്നുള്ളു. പ്രസംഗകര്‍ക്കായി 2 ദിവസത്തെ കളരിയാണു സംഘടിപ്പിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും 100 പേരെ വീതം പരിശീലിപ്പിക്കും. കളരിയില്‍ പങ്കെടുക്കുന്നവര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കുറിപ്പുകള്‍ വിതരണം ചെയ്യും. ജില്ലാതലം വരെയുള്ള നേതാക്കള്‍ക്ക് ഇതു സംബന്ധിച്ചു മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.ഓരോ പ്രദേശത്തെയും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്കു മുന്‍ഗണന നല്‍കിയായിരിക്കണം പ്രസംഗിക്കേണ്ടത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിഷയമാകും.അതേസമയം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു. ശബരിമല പ്രചാരണ വിഷയം ആക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നു.
Post Your Comments