തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് വേദിയാകുന്നത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുകയാണെന്ന് റിപ്പോര്‍ട്ട്. അമിതചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പലയിടത്തും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തൃശൂര്‍ വെള്ളാനിക്കരയിലാണ് ഏറ്റവുമധികം ചൂട് (38 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തിയത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. താപനില ഉയര്‍ന്നതോടെ കടലില്‍ വന്‍ തിരയിളക്കമാണ് അനുഭവപ്പെടുന്നത്. കേരളതീരത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 മുതല്‍ 19ന് രാത്രി 11.30 വരെ വന്‍ തിരയിളക്കത്തിന് സാധ്യതയുണ്ട്. തിരകള്‍ 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്നേക്കും.
ഉള്‍ക്കടലിലെ അത്യുഷ്ണപ്രതിഭാസം മൂലമാണ് കടലില്‍ വന്‍തിരയിളമുണ്ടാകുന്നത്. ഈ പ്രതിഭാസവുംവടക്കന്‍ മേഖലയില്‍ നിന്നുള്ള ഉഷ്ണവാതവുമാണ് സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കാന്‍ കാരണം.സംസ്ഥാനത്ത് 2016 ലാണ് ഇതിന് മുമ്പ് 40 ഡിഗ്രിയിലേറെ ചൂട് അനുഭവപ്പെട്ടത്.
ശരാശരിയില്‍ നിന്നു രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയര്‍ന്നു നില്‍ക്കുന്ന പ്രതിഭാസമാണ് അത്യുഷ്ണം. ശരാശരിയില്‍ നിന്ന് താപനില 4.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയും ഇത് രണ്ട് ദിവസം തുടര്‍ച്ചയായി നിലനില്‍ക്കുകയും ചെയ്താലാണ് ഉഷ്ണതരംഗത്തിന് (ഹീറ്റ് വേവ്) സാദ്ധ്യത.
Post Your Comments