തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്. പൊതുഇടങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വെക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഇത്തരമൊരു നടപടി. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജൂര്‍ണ്ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സമാന രീതിയില്‍ സംസ്ഥാനത്തെങ്ങും വൈദ്യുതിത്തൂണുകളില്‍ പാര്‍ട്ടി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പതിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണ് നടപടി. വൈദ്യുതിത്തൂണുകളിലെ ചുവരെഴുത്തുകള്‍ കരിഓയിലടിച്ചു മായ്ക്കാന്‍ സംസ്ഥാനം മുഴുവന്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു നിര്‍ദേശമുണ്ട്. കരിയോയില്‍ അടിച്ച തൂണുകളില്‍ കയറാന്‍ സാധിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു. പകരം വെള്ളയടിച്ചു മായ്ച്ചാല്‍ മതിയെന്ന് ഇവര്‍ പറഞ്ഞു.
എന്നാല്‍, വെള്ളയടിച്ചു മായ്ച്ചാല്‍ വീണ്ടും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ഇടയുണ്ടെന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് വ്യക്തമാക്കി.തൂണുകള്‍ വൃത്തിയാക്കുന്നതിനുള്ള മുഴുവന്‍ ചെലവും അതതു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കും. 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് പിഴയെന്ന് അറിയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്‍പു തന്നെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വൈദ്യുതിത്തൂണുകള്‍ ‘കയ്യേറിയിരുന്നു’. പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ചും ‘ബുക്ക്ഡ്’ എന്നെഴുതിയും ഫ്‌ലെക്‌സുകള്‍ തൂക്കിയും വൈദ്യുതിത്തൂണുകള്‍ പ്രചാരണ ഇടമാക്കി. ഇതോടെയാണ് കെഎസ്ഇബി പൊലീസിന്റെ സഹായം തേടിയത്.
Post Your Comments