ബെയ്ജിങ്: 2014 മുതല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങില്‍ നിന്ന് 13000ത്തോളം തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുള്ളതായി ചൈനീസ് അധികൃതര്‍. തീവ്രവാദത്തിനെതിരായ ചൈനയുടെ നിലപാടുകള്‍ക്കെതിരെ ലോകമെമ്പാടു നിന്നും പ്രതിഷേധം ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ന് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം ചൈന മനപ്പൂര്‍വ്വം സത്യങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന് ലോക ഉയ്ഗുര് കോണ്‍ഗ്രസ് വക്താവ് ദില്സത് രക്സിത് ആരോപിച്ചു.
തീവ്രവാദം അടിച്ചമര്‍ത്താനെന്ന പേരില്‍ ഉയ്ഗുര്സിനെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുന്ന സ്ഥിതിയാണ് അവിടെ. വിശ്വാസത്തെ അടിച്ചമര്‍ത്തി അന്ധവിശ്വാസം പടച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിന്ജിയാങിലുള്ളവരെല്ലാം വിഘടനവാദികളും തീവ്രവാദികളുമാണെന്നാണ് ചൈനയുടെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.2014 മുതല്‍ അക്രമസ്വഭാവവും തീവ്രവാദ സ്വഭാവവുമുള്ള 1588 സംഘങ്ങളെ നശിപ്പിച്ചുവെന്നും, 12,995 തീവ്രവാദികളെ അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ പറയുന്നു. 2052 സ്ഫോടക വസ്തുക്കള്‍ പിടികൂടി, 30,645 ആളുകളെ 4858 അനധികൃത പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിച്ചു. തീവ്രസ്വഭാവമുള്ള 345,229 രേഖകള്‍ പിടിച്ചെടുത്തതായും അധികൃതര്‍ പറയുന്നു.
ഉയ്ഗുര് വിഭാഗത്തില്‍ പെട്ട മുസ്ലീം ജനതയാണ് സിന്ജാങില് ഭൂരിപക്ഷം.ജിഹാദിലൂടെ മാത്രമേ സ്വര്‍ഗരാജ്യം ലഭിക്കു എന്ന നിലപാടാണ് ഇവിടെയുള്ളവര്‍ പുലര്‍ത്തുന്നതെന്നും, തീവ്രവാദികളുടെ നിയന്ത്രണത്തെ തുടര്‍ന്ന് സാധാരണ ജനങ്ങള്‍ പോലും ദുഷ്ട നിലപാടുകള്‍ പിന്തുടരുകയാണെന്നും ഇവര്‍ പറയുന്നു. അതേസമയം ഉയ്ഗുര് വിഭാഗത്തിലെ വളരെ ചെറിയൊരു കൂട്ടർക്ക് മാത്രമാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ തലവന്മാര്ക്കും, തങ്ങളുടെ നിലപാടുകള്‍ മറ്റുള്ളവരിലേക്കും പകര്‍ന്ന് കൊടുക്കുന്നവരുമാണ് കഠിന ശിക്ഷകള്‍ ഏറ്റ് വാങ്ങുന്നതെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട രേഖകളില്‍ പറയുന്നു.
Post Your Comments