Health & Fitness

കേരളത്തില്‍ ചൂട് കൂടിയതോടെ ചിക്കന്‍പോക്‌സ് പടരുന്നു

കേരളത്തില്‍ ചൂട് കൂടിയതോടെ ചിക്കന്‍പോക്‌സ് പടരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു ഫെബ്രുവരി 1 മുതല്‍ ഇതു വരെ 4185 പേര്‍ക്കാണു രോഗം പിടിപെട്ടത്. തിരുവനന്തപുരത്തു മാത്രം 371 പേര്‍ക്ക് കഴിഞ്ഞ ഒരു മാസത്തില്‍ രോഗം ബാധിച്ചു. ജനങ്ങള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കു പ്രതിരോധ ശക്തി കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പനി, ശരീരവേദന, കഠിനമായ ക്ഷീണം, വിശപ്പില്ലായ്മ, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണു പലരും ചിക്കന്‍പോക്‌സാണു ബാധിച്ചതെന്നു അറിയുന്നത്. ആദ്യം നെഞ്ചിലും ഉദരത്തിലും വായിലും പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ പിന്നീട് ശരീരത്തില്‍ പലയിടത്തും കണ്ടു തുടങ്ങും. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചില്‍ അനുഭവപ്പെടാം. ഒരേ സമയത്തു തന്നെ പലഘട്ടത്തിലുള്ള കുമിളകളുണ്ടാവുകയും സാധാരണയാണ്.

ചിക്കന്‍പോക്‌സ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. രോഗിയുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെ ചിക്കന്‍പോക്‌സ് മറ്റൊരാള്‍ക്കു ബാധിക്കാം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടുകയും പ്രത്യേക മുറിയില്‍ രോഗിയെ താമസിപ്പിക്കുകയും വേണം.</p>

കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുന്‍പ് മുതല്‍ കുമിള പൊന്തി 6-10 ദിവസം വരെയും രോഗം പകരും. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍, പൊതു പ്രതിരോധം തകരാറിലായാല്‍ വീണ്ടും വരാന്‍ സാധ്യതയുമുണ്ട്.

ചിക്കന്‍ പോക്‌സ്: പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇവ ശ്രദ്ധിക്കാം
ശരീര ശുചിത്വം പാലിക്കണം.

ചിക്കന്‍പോക്സ് ബാധിച്ചവര്‍ കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നതു വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും.

ആര്യവേപ്പില ഇട്ടു തിളപ്പിച്ച ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.

വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതു മുതല്‍ മതിയായ വിശ്രമം ആവശ്യമാണ്.

ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ അണുവിമുക്തമാക്കനായി അലക്കിയ ശേഷം വെയിലത്തുണക്കണം. (കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാം

തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ഇളനീര്‍, പഴച്ചാറുകള്‍ എന്നിവയും കുടിക്കാം.. (ഓറഞ്ച്, മൂസംബി എന്നിങ്ങനെ പുളിപ്പുള്ള പഴങ്ങള്‍ ഒഴിവാക്കണം.

മാംസാഹാരങ്ങളും ഉപ്പ്, എരിവ്, പുളി എന്നിവയുള്ള ഭക്ഷ്യവസ്തുകളും ഒഴിവാക്കണം. പോഷക ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

ത്വക്ക് വരണ്ടു പോകാതെ സൂക്ഷിക്കണം.

ശരീരത്തിലുണ്ടായ കുമിളകള്‍ ഉണങ്ങിയ ശേഷം മഞ്ഞള്‍, ചെറുതേന്‍, രക്തചന്ദനം, കസ്തൂരിമഞ്ഞള്‍ എന്നിവ പാടുകളില്‍ തേച്ചാല്‍ കാലക്രമേണ കലകള്‍ അപ്രത്യക്ഷമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button