ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. ന്യൂസിലാന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ കൂടി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.കൊടുങ്ങല്ലൂര്‍ സ്വദേശിയായ അന്‍സി അലിബാവ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചെന്നാണ് ന്യൂസിലാന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സ്ഥിരീകരിച്ചത്.
അഹമ്മദാബാദ് സ്വദേശി മെഹ്ബൂബ് കോക്കര്‍, ഹൈദരാബാദ് സ്വദേശി ഒസൈര്‍ ഖാദര്‍, ഗുജറാത്ത് സ്വദേശി ആസിഫ് വോറ, മകന്‍ റമീസ് വോറ എന്നിവരാണ് അന്‍സിക്ക് പുറമെ മരിച്ച ഇന്ത്യാക്കാര്‍.ആക്രമണത്തിന് തൊട്ട് മുമ്പ് പ്രതി ഇ- മെയില്‍ സന്ദേശം അയച്ചെന്ന വാര്‍ത്ത പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സ്ഥിരീകരിച്ചു.ആക്രമണത്തില്‍ മരിച്ച മലയാളി അന്‍സിയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ന്യൂസിലാന്റിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. അന്‍സിയുടെ ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ പരിക്കുകളോടെ ചികിത്സയിലാണ്. അന്‍സിയുടെ മൃതദേഹം നാലു ദിവസത്തിനകം നാട്ടില്‍ എത്തിക്കാനാകുമെന്ന് നോര്‍ക്ക റൂട്‌സ് അധികൃതര്‍ പറഞ്ഞു.വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുജറാത്ത് സ്വദേശി മൂസാ വാലി സുലേമാന്‍ പട്ടേല്‍ മരിച്ചെന്ന് സഹോദരന്‍ അറിയിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായില്ല. തെലങ്കാന സ്വദേശി ഫറാജ് അഹ്‌സാനും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതി ബ്രന്റണ്‍ ടറാന്റ് ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments