ഇരയെ കണ്ടാൽ മാനഭംഗത്തിന് തോന്നില്ലെന്ന് ആരോപിച്ച് പ്രതികളെ വെറുതെ വിടാൻ വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇറ്റലിയിലെ അങ്കോണ നഗരത്തിലാണ് സംഭവം. പെറുവിയൻ സ്വദേശിയായ യുവതി 2015ലാണ് മാനഭംഗം നടന്നുവെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്‌തത്. യുവതിയുടെ വാദം അംഗീകരിച്ചുകൊണ്ട് 2016–ൽ യുവാക്കൾക്ക് തടവുശിക്ഷ വിധിച്ചെങ്കിലും അങ്കോണയിലെ അപ്പീൽ കോടതിയിൽ കേസ് വന്നപ്പോൾ യുവതിയുടെ വാദം തള്ളിക്കളയുകയായിരുന്നു. യുവതിയുടെ പരാതി വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
സ്ത്രീകളുമായി ബന്ധപ്പെട്ട പേരിനു പകരം പുരുഷൻമാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് യുവാവ് യുവതിയുടെ നമ്പർ സേവ് ചെയ്യാൻ ഉപയോഗിച്ചതെന്നായിരുന്നു കോടതി കണ്ടെത്തിയത്. അതായത് ആരോപണം ഉന്നയിച്ച യുവതി ഒരു സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെടാനും മാനഭംഗം ചെയ്യപ്പെടാനും യോഗ്യയല്ലെന്നാണ് കോടതി വിധിച്ചത്. യുവതിയുടെ ചിത്രവും ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി. ശരീരത്തിൽ മയക്കുമരുന്ന് കുത്തിവെച്ച ശേഷം യുവാക്കളിൽ ഒരാൾ തന്നെ മാനഭംഗപ്പെടുത്തിയെന്നും മറ്റെയാൾ കാവൽ നിന്നെന്നുമാണ് യുവതി പരാതി നൽകിയത്. യുവതിയുടെ ശരീരത്തിൽ മാനഭംഗത്തെത്തുടർന്നുള്ള പരുക്കുകളുണ്ടെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി. എന്നാൽ യുവതി തന്നെയാണ് യുവാക്കളെ വശീകരിച്ചതെന്നായിരുന്നു കോടതിയുടെ വിവാദമായ കണ്ടെത്തൽ. ഈ കോടതി വിധിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.
Post Your Comments