Latest NewsKerala

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ശ്രമം

മൂന്ന് വിമാനയാത്രക്കാര്‍ പിടിയില്‍

തിരുവനന്തപുരം: അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയിലായി. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 3.1 കിലോ സ്വര്‍ണവുമായാണ് മൂന്നുയാത്രക്കാരെ വിമാനത്താവളത്തില്‍ പിടികൂടിയത്. കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്ദീന്‍ നൈനാ മുഹമ്മദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയശേഷം തിരികെ ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവര്‍. സാധാരണരീതിയില്‍ ഇവരെ ചെന്നൈയിലാണ് കസ്റ്റംസ് പരിശോധിക്കേണ്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തു വെച്ച് പരിശോധിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ഇതേവിധത്തില്‍ കയറുന്ന കൂട്ടാളികള്‍ക്കാണ് ഇവര്‍ സ്വര്‍ണം കൈമാറുക. ആഭ്യന്തരയാത്രയായതിനാല്‍ ഇവരെ കസ്റ്റംസ് പരിശോധിക്കാറില്ല.അറയില്‍ മമ്മൂട്ടിയുടെ പക്കല്‍നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ 916 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളും ആഭരണങ്ങളും കണ്ടെടുത്തു. അബ്ദുള്‍ ഗഫൂറിന്റെ അടിവസ്ത്രത്തിനുള്ളില്‍ വെള്ളിപൂശിയ 1.7 കിലോ വരുന്ന ആഭരണങ്ങളാണ് ഒളിപ്പിച്ചിരുന്നത്. ഇയാളുടെ സുഹൃത്തുകൂടിയായ മൊയ്ദീന്‍ നൈനാ മുഹമ്മദില്‍നിന്ന് കുഴല്‍ രൂപത്തിലാക്കിയ അരക്കിലോ സ്വര്‍ണവും കണ്ടെടുത്തു. 250 ഗ്രാം വീതമുള്ള സ്വര്‍ണം കുഴല്‍ രൂപത്തിലാക്കിയശേഷം കറുത്ത കടലാസില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ വെക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു

അറയില്‍ മമ്മൂട്ടി, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ കസ്റ്റംസ് അറസ്റ്റുചെയ്തു. 20 ലക്ഷം രൂപയ്ക്കുതാഴെ വിലയുള്ള സ്വര്‍ണമാണ് നൈനാ മുഹമ്മദ് കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button