കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഭൂരിഭാഗം സീറ്റുകളിലും ധാരണയായി. അനൗപചാരിക ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഇന്ന് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. കെ.സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള സിറ്റിങ് എം.പിമാര്‍ മത്സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുക്കും.
തിരക്കിട്ട കൂടിയാലോചനകളാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ കേരളഹൗസില്‍ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിവിധ സീറ്റുകളിലെ സാധ്യത സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി.
ഉച്ചയ്ക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണി വരെ നീണ്ട സ്‌ക്രീനിങ് കമ്മറ്റി യോഗത്തിന് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കാനായില്ല.ചര്‍ച്ചകള്‍ അവസാനിപ്പിച്ച നേതാക്കള്‍ അനൗപചാരിക കൂടിയാലോചനകള്‍ തുടരുകയാണ്. വയനാട്, വടകര, ഇടുക്കി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു.ശശി തരൂര്‍, എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, കെ. സുധാകരന്‍, സുബ്ബയ്യ റായ്, വി.കെ ശ്രീകണ്ഠന്‍ എന്നിവര്‍ സീറ്റ് ഉറപ്പിച്ചു.സിറ്റിങ് എം.പിമാര്‍ മത്സരിക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനം എടുക്കും.
ചില മണ്ഡലങ്ങളില്‍ ഒന്നില്‍ അധികം പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. അവ ആ പ്രകാരം തന്നെ തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും. വയനാട് കെ.സി വേണുഗോപാലിന്റെയും ടി സിദ്ധിഖിന്റെയും പേരുകള്‍ ആണ് പട്ടികയില്‍. ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാന്‍ ആണ് സാധ്യത. ജോസഫ് വാഴയ്ക്കന്റെയും ഡീന്‍ കുര്യാക്കോസിന്റെയും പേരുകളാണ് ഇടുക്കിയിലുള്ളത്.വടകരയില്‍ ടി.സിദ്ദിഖ്, അഭിജിത് എന്നിവര്‍ക്കാണ് മുന്‍തൂക്കം. എറണാകുളത്ത് കെ.വി തോമസിനൊപ്പം ഹൈബി ഈഡനേയും പരിഗണിക്കുന്നു. ചാലക്കുടിയില്‍ ബെന്നി ബെഹനാനാണ് സാധ്യത. ഈഴവ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കെ.പി ധനപാലന്‍ വരും.
Post Your Comments