തിരുവനന്തപുരം: കൃത്യസമയത്തു സ്ഥലംമാറ്റം നടത്താതെ അവസാന മണിക്കൂറില്‍ ഉത്തരവിറക്കിയതോടെ പണിയില്ലാതെ പെരുവഴിയിലായത് 110 പൊലീസ് ഉദ്യോഗസ്ഥര്‍. 62 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും 7 ഡിവൈഎസ്പിമാരെയും പേരൂര്‍ക്കട എസ്എപി ക്യാംപില്‍ അറ്റാച്ചു ചെയ്തു. ഇതിനു പുറമെ 40 ഉദ്യോഗസ്ഥര്‍ കൂടി പുതിയ സ്ഥലങ്ങളില്‍ ചുമതലയേല്‍ക്കാന്‍ കഴിയാതെ ഇന്നലെ പൊലീസ് ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തു.ഇവരെയും ഉടന്‍ എവിടെയെങ്കിലും അറ്റാച്ചു ചെയ്യും.കേരളത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മാറ്റം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായി. സിഐമാര്‍ വരെയുള്ളവരുടെ മാറ്റം സംസ്ഥാന പൊലീസ് മേധാവിയും അതിനു മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ മാറ്റം സര്‍ക്കാരുമാണു നടത്തുന്നത്. ഇതിനുള്ള ശുപാര്‍ശയും ഡിജിപി നല്‍കുമെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രാഷ്ട്രീയ നിറം നോക്കി പാര്‍ട്ടി അനുമതിയോടെ മാത്രമാണു പട്ടിക ആഭ്യന്തര വകുപ്പിനു കൈമാറുന്നത്. ഇത്തരത്തില്‍ ഫെബ്രുവരിയില്‍ മൂന്നു നാലു പ്രാവശ്യം സ്ഥലംമാറ്റ പട്ടിക പുറത്തിറക്കി.
ഇവരില്‍ ചിലരെ പ്രാദേശിക പാര്‍ട്ടി എതിര്‍പ്പിനെ തുടര്‍ന്നു വീണ്ടും മാറ്റി. എല്ലാം കഴിഞ്ഞും നൂറിലേറെ ഉദ്യോഗസ്ഥരുടെ മാറ്റം അവസാന നിമിഷം വരെ നടപ്പാക്കിയില്ല. ജില്ലാ പൊലീസ് മേധാവികള്‍ മാറ്റം കിട്ടിയ ഉദ്യോഗസ്ഥരെ വിട്ടയക്കാത്തതായിരുന്നു തടസം. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല വഹിച്ചിരുന്ന സിഐമാരെയാണു കൂടുതലും തടഞ്ഞുവച്ചത്. ചിലര്‍ക്കു കേസ് അന്വേഷണമായിരുന്നു തടസം.തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ മാത്രമേ ഇവര്‍ക്കു പുതിയ നിയമനം നല്‍കാന്‍ കഴിയൂ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ സംസ്ഥാന പൊലീസ് മേധാവി വിഷയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28നകം എല്ലാ സ്ഥലംമാറ്റവും പൂര്‍ത്തിയാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ ജനുവരി അവസാനം എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ 10ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മാറ്റം കിട്ടിയ മുഴുവന്‍ ഉദ്യോഗസ്ഥരും രാത്രി പത്തിനകം പുതിയ ചുമതല ഏല്‍ക്കണമെന്നും യൂണിറ്റ് മേധാവികള്‍ ഇവരെ ഉടന്‍ റിലീവ് ചെയ്യണമെന്നും സന്ദേശമെത്തി. എന്നാല്‍ തിരുവനന്തപരുത്തു നിന്നു വയനാട്ടിലേക്കും പാലക്കാട്ടേക്കും ഇടുക്കിയിലേക്കുമെല്ലാം മാറ്റം കിട്ടിയവരും അതുപോലെ ഇങ്ങോട്ടു മാറ്റിയവരും അഞ്ചു മണിക്കൂര്‍ കൊണ്ടു പുതിയ സ്ഥലത്തു ചുമതലയേല്‍ക്കാന്‍ പ്രയാസം നേടിട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. അതേസമയം ബന്ധപ്പെട്ട എസ്പിമാര്‍ അടുത്ത ദിവസം രാവിലെ ഇവരെ ചുമതല ഏല്‍ക്കാന്‍ സമ്മതിച്ചുമില്ല. ഇവര്‍ പൊലീസ് ആസ്ഥാനത്തു തിരിച്ചെത്തിയപ്പോള്‍ തല്‍ക്കാലം എസ്എപി ക്യാംപില്‍ പോയിരിക്കാനായിരുന്നു നിര്‍ദേശം. അവരെ അവിടെ അറ്റാച്ച് ചെയ്തതായി ഉത്തരവിറക്കി. അതിനു പിന്നാലെയാണ് ഇന്നലെ 40 പേര്‍ കൂടി എത്തിയത്.
Post Your Comments