ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത പ്രഹരമായി തൃണമൂൽ കോൺഗ്രസ്സ് മുതിർന്ന നേതാവും ഭത്പാര മണ്ഡലത്തിലെ എം എൽ എ യുമായ അർജുൻ സിംഗിന്റെ ബിജെപി പ്രവേശനം. നാല് തവണയായി എം എൽ എയാണ് അർജുൻ സിംഗ്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേരുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അർജുൻ സിംഗ്. നേരത്തേ ബിഷ്ണുപൂർ എം എൽ എ സൗമിത്ര ഖാനും ബോൽപൂർ എം പി അനുപം ഹസ്രയും ബിജെപിയിൽ ചേർന്നിരുന്നു.
ബരാക്പൂർ ലോക്സഭാമണ്ഡലത്തിലും നോർത്ത് 24 പർഗാന ജില്ലയിലും നിർണ്ണായക സ്വാധീനമുള്ള നേതാവാണ് അർജുൻ സിംഗ്. ധാരാളം വിശ്വസ്തരായ അനുയായികളുള്ള അർജുൻ സിംഗ് നേരത്തെ ഭത്പാര മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു.തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് മുകുൾ റോയിക്ക് തുല്യമായ സ്വാധീനവും ജനപിന്തുണയുമുള്ള അർജുൻ സിംഗിന്റെ ബിജെപി പ്രവേശനത്തെ ഞെട്ടലോടെയാണ് തൃണമൂൽ നേതൃത്വം നോക്കിക്കാണുന്നത്.
ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ആധികാരികത ചോദ്യം ചെയ്ത മമത ബാനർജിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്ന് ബിജെപിയിൽ ചേർന്ന ശേഷം അർജുൻ സിംഗ് വ്യക്തമാക്കി. സൈന്യത്തെ സംശയിക്കുന്ന രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താൻ കോൺഗ്രസ്സ് വിട്ടതെന്ന് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് ടോം വടക്കനും പ്രഖ്യാപിച്ചിരുന്നു.
Post Your Comments