ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 20കാരി നേടിയത് കോടികള്‍; സമ്മാനത്തുകയുടെ ഒരു ഭാഗം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക്

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ജോര്‍ദാന്‍ സ്വദേശിനിയായ 20കാരി നേടിയത് ഒന്നാം സമ്മാനമായ പത്ത് ലക്ഷം ഡോളര്‍. അതായത് ഏകദേശം 6.9 കോടിയിലധികം രൂപ. പണത്തിന്റെ ഒരുഭാഗം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് താന്‍ ചിലവഴിക്കാന്‍ പോകുന്നതെന്ന് സമ്മാനം ലഭിച്ച ഡബ്ല്യൂ ടാല എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പറയുന്നു.

ജോര്‍ദ്ദാനിലെ അമ്മാനില്‍ താമസിക്കുന്ന ടാല സിറിയന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ നേരിട്ട് മനസിലാക്കിയിട്ടുള്ളയാളും അവര്‍ക്ക് വേണ്ടി സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. ഒരു കൂട്ടമാളുകള്‍ ദുരിതമനുഭവിക്കുന്നുവെന്നത് എപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നും ഇപ്പോള്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ ആരോഗ്യ വിദ്യാഭ്യാസ ഉന്നമനത്തിന് സഹായം നല്‍കാനാണ് താല്‍പര്യമെന്ന് ടാല പറയുന്നു. എല്ലാ ദിവസം ഒരു പത്തുവയസുകാരനെ കാണാറുണ്ട്. അവന് സ്‌കൂളില്‍ പോകാന്‍ കഴിയാത്തത് എന്നെയും ഏറെ സങ്കടപ്പെടുത്തി. പണത്തിന് വേണ്ടി തെരുവുകളില്‍ ഭിക്ഷ യാചിക്കുകയാണ് അവന്‍. പണം നല്‍കിയാല്‍ ഒരു പൂവോ ച്യൂയിങ്ഗമോ തിരികെ തരാതെ അവന്‍ അത് വാങ്ങില്ല. അവനെപ്പോലുള്ള നിരവധിപ്പേരെ തനിക്ക് സഹായിക്കാന്‍ കഴിയുമെന്നും ടാല പറയുന്നു.

കുടുംബത്തോടൊപ്പം ദുബായിലേക്ക് പോയപ്പോഴാണ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തത്. കുടുംബത്തിലുള്ളവര്‍ നേരത്തെയും ടിക്കറ്റെടുക്കാറുണ്ടായിരുന്നെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. താന്‍ എടുത്ത ആദ്യത്തെ ടിക്കറ്റിന് തന്നെ സമ്മാനം ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

Share
Leave a Comment