കൊച്ചി : കോടികള്‍ ഒഴുകിയ ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതി തങ്കച്ചിയുടെ ഭര്‍ത്താവും മകളും അറസ്റ്റിലായി. കൊല്‍ക്കത്തയില്‍ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. ഒരു കോടിയോളം രൂപ വിലവരുന്ന ആനക്കൊമ്പുകളും ശില്പങ്ങളും കൊല്‍ക്കത്ത ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. അറസ്റ്റ് വിവരം സംസ്ഥാന വനംവകുപ്പിനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ വിട്ടുകിട്ടാന്‍ വനം വകുപ്പ് സംഘം ഉടന്‍ കൊല്‍ക്കത്തയിലേക്കു പോകുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സുരേന്ദ്ര കുമാര്‍ പറഞ്ഞു.
കോട്ടയത്തുനിന്ന് ആനക്കൊമ്പുകളുമായി കൊല്‍ക്കത്തയിലെത്തിയ സുധീഷ് ചന്ദ്രബാബുവിനെയും മകള്‍ അമിതയെയും സാന്ദ്രഗച്ചി റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറില്‍നിന്നു 31 ലക്ഷംരൂപ വിലവരുന്ന ആനക്കൊമ്പുകള്‍ കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പിന്റെയും ശില്പങ്ങളുടെയും വിവരങ്ങള്‍ പ്രതികള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഇവയ്ക്ക് 72 ലക്ഷത്തിലധികം രൂപ വിലവരും. ഇവ നേപ്പാളിലേക്കു കടത്താനായിരുന്നു ശ്രമം. ആനക്കൊമ്പ് ശില്പങ്ങള് വീട്ടില്‍തന്നെയാണ് നിര്‍മിച്ചിരുന്നതെന്ന് പ്രതികള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരോടു പറഞ്ഞു.
ആനക്കൊമ്പ് സംഘടിപ്പിക്കുന്ന ചുമതല സുധീഷിനും വില്പന മകള്ക്കുമായിരുന്നുവെന്ന് ഡിആര്‍ഐ അറിയിച്ചു. ഇരുവരുടെയും മൊഴി ലഭിക്കുന്ന മുറയ്ക്കു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യപ്രതിയായി തങ്കച്ചിയെയാണ് വനം വകുപ്പു രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. മുന്‍പു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തിയിലെത്തി ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സുധീഷ് ചന്ദ്ര ബാബുവിന്റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് വനം വകുപ്പ് കരുതുന്നത്.
മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് പരിധിയിലെ വിവിധ റേഞ്ചുകളിലായി 13 ആനകളും മൂന്നാര്‍ ഡിവിഷനിലെ നേര്യമംഗലത്ത് മൂന്നും അതിരപ്പിള്ളി ഡിവിഷനില്‍ നാലും ഉള്‍പ്പെടെ 20 ആനകളെ വേട്ടയാടിയതായാണ് കേസ്. ഇതില്‍ ആനവേട്ടക്കാരനും പ്രതിയുമായ കുട്ടമ്പുഴ അയ്ക്കരമറ്റം വാസു ആത്മഹത്യ ചെയ്തിരുന്നു. പ്രതി തങ്കച്ചി രാജ്യാന്തര ആനക്കൊമ്പ് കടത്തിലെ കണ്ണിയാണ്. ആനക്കൊമ്പ് കച്ചവടത്തിലെ ഇടനിലക്കാരനായ ഉമേഷ് അഗര്‍വാളിനെ ഡല്‍ഹിയില്‍ വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് 20 കോടിയോളം രൂപ വിലമതിക്കുന്ന ആനക്കൊമ്പ് ശില്പങ്ങള് കണ്ടെത്തി. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
Post Your Comments