ന്യൂഡൽഹി: ബിജെപിക്കെതിരായ മഹാസഖ്യത്തിന് വൻ തിരിച്ചടിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി ഒരു സംസ്ഥാനത്തും ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. കോൺഗ്രസ്സിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് മായാവതിയുടെ ഈ തീരുമാനം.ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുമായി സഖ്യം രൂപീകരിച്ചത് ശക്തമായ രണ്ട് പാർട്ടികൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സത്യസന്ധമായ ലക്ഷ്യങ്ങളുടെയും പ്രതീകമെന്ന് വിശേഷിപ്പിച്ച ശേഷമാണ് കോൺഗ്രസ്സ് സഖ്യമെന്ന ആശയത്തെ മായാവതി പരിഹസിച്ചു തള്ളിയത്.
ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായി സീറ്റ് ധാരണയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞ ബിജെപി പ്രതിപക്ഷത്തെക്കാൾ ബഹുദൂരം മുന്നിലാണ്. എന്നാൽ മഹാസഖ്യം പ്രഖ്യാപിച്ചുവെങ്കിലും ഹിന്ദി ഹൃദയഭൂമിയിൽ സഖ്യകക്ഷികളുമായി ഒരു തരത്തിലുമുള്ള ധാരണയിലുമെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസ്സിന് കനത്ത പ്രഹരമാണ് ബി എസ് പി അദ്ധ്യക്ഷയുടെ പ്രഖ്യാപനം.കോൺഗ്രസ്സുമായുള്ള സഖ്യം നേരത്തെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിയും തള്ളിക്കളഞ്ഞിരുന്നു.
കോൺഗ്രസ്സിന് വേണമെങ്കിൽ രണ്ട് സീറ്റ് നൽകാമെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. എന്നാൽ അഖിലേഷിന് വേണമെങ്കിൽ രണ്ടോ മൂന്നോ സീറ്റ് നൽകാമെന്ന് കോൺഗ്രസ്സ് തിരിച്ചടിച്ചിരുന്നു. കൂടാതെ ആം ആദ്മിയുടെ ഉള്ള സഖ്യവും അടിച്ചു പിരിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ മഹാസഖ്യനീക്കം ദയനീയമായി പരാജയപ്പെടുന്നതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസ്സ്. ഇതോടെ തുടർച്ചയായ രണ്ടാം തവണയും വലിയ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കാമെന്നുള്ള ശുഭാപ്തിവിശ്വാസത്തിലാണ് ഭാരതീയ ജനതാ പാർട്ടി.
Post Your Comments