തെലങ്കാന: തടവുകാര്‍ക്ക് വേണ്ടി തെലങ്കാനയിലെ ജയിലിനുള്ളില്‍ റേഡിയോ സ്റ്റേഷന് ആരംഭിച്ച് ജയില്‍ വകുപ്പ്. തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ വച്ച് ഉദ്ഘാടനം ചെയ്ത റേഡിയോ സ്റ്റേഷന്റെ പേര് ജയില്‍ വാണി എന്നാണ്.
മറ്റ് റേഡിയോ സ്റ്റേഷനുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരിപാടികള്‍ മറ്റ് റേഡിയോ പരിപാടികളില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും ഒരു ജയിലിന് വേണ്ടിയായിരിക്കും പരിപാടി നടത്തുന്നത്. അതായത് കമ്യൂണിറ്റി റേഡിയോകളുടെ പ്രവര്‍ത്തനരീതിയിലായിരിക്കും ഇവയെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നു. ജയിലിലെ തടവുകാര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്ന നിരവധി ജോലികളുണ്ട്. ഇവയെല്ലാം ചെയ്ത് തീര്‍ത്തുകഴിയുമ്പോള്‍ റേഡിയോയില്‍ പരിപാടി അവതരിപ്പിക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. അതിനാല്‍ റേഡിയോ പരിപാടികള്‍ ചെയ്യാന്‍ ഒരു നിശ്ചിത സമയം തടവുകാര്‍ക്ക് അനുവദിച്ച് കൊടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. രാവിലെയും വൈകിട്ടുമാണ് കുറച്ച് മണിക്കൂറുകള്‍ ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്.
മറ്റ് റേഡിയോ സ്റ്റേഷനുകളിലുള്ള എല്ലാ സംവിധാനങ്ങളും ഈ സ്റ്റുഡിയോയിലുമുണ്ട്. കൂടാതെ റേഡിയോ ജോക്കിയായി ജോലി ചെയ്യാനുള്ള അവസരവും തടവുകാര്‍ക്ക് ലഭിക്കും. ആയിരം തടവുകാരാണ് ഇവിടെയുള്ളത്. അതുപോലെ പരിപാടി തയ്യാറാക്കി അവതരിപ്പിക്കാനും അവസരം നല്‍കുന്നുണ്ട്.
മഹാരാഷ്ട്രയിലെ യെര്‍വാദാ സെന്‍ട്രല്‍ ജയിലില്‍ സമാനമായ രീതിയില്‍ റേഡിയോ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടുത്തെ അന്തേവാസികള്‍ തന്നെയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. മറ്റ് ജയിലുകളിലും ഇതേപോലെയുള്ള റേഡിയോ സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും തെലങ്കാനയിലെ ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി.
Post Your Comments