ന്യൂഡല്‍ഹി: എത്യോപ്യന്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ച ഇന്ത്യക്കാരില്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. ശിഖയടക്കം നാല് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്ന ശിഖ യുഎന്നിന്റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനാണ് ശിഖ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇ.ടി. 302 വിമാനത്തില്‍ യാത്ര പുറപ്പെട്ടത്.
അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് പറഞ്ഞു. വൈദ്യ പന്നഗേഷ് ഭാസ്‌കര്‍, വൈദ്യ ഹന്‍സിന്‍ അനഘേഷ്, നുകവരപു മനീഷ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.
ഇന്നലെയാണ് എത്യാപ്യയില്‍ 157 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനം തകര്‍ന്നു വീണത്. ആഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശികസമയം രാവിലെ 8.38-നാണ് വിമാനം പറന്നുയര്‍ന്ന വിമാനം ആറ് മിനിട്ടിനുശേഷം തകര്‍ന്നു വീഴുകയായിരുന്നു. കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലന്‍ഡ്സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേല്‍, ബെല്‍ജിയം, യുഗാണ്‍ഡ, യെമെന്‍, സുഡാന്‍, ടോഗോ, മൊസാംബിക്ക്, നോര്‍വേ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Post Your Comments