ഗാന്ധിനഗര്‍•ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഗുജറാത്തില്‍ നിന്നുള്ള ഒരു എം.എല്‍.എ കൂടി പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നാളെ അഹമ്മദാബാദില്‍ നടക്കാനിരിക്കെയാണ് എം.എല്‍.എ വല്ലഭ് ധാരവിയ നിയമസഭാംഗത്വം രാജിവച്ച് ബി.ജെ.പി പാളയത്തില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ 7 ദിവസത്തിനിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തുന്ന നാലാമത്തെ എം.എല്‍.എയാണ് ധാരവിയ. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 71 ആയി ചുരുങ്ങി. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 77 സീറ്റുകളാണ് നേടിയത്.
ധാരവിയയോടൊപ്പം മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായ പര്‍സോതം സാബരിയയും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.
ജാംനഗര്‍ റൂറലില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു ധാരവിയ. വെള്ളിയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നാല് തവണ എം.എല്‍.എമായ ജവഹര്‍ ചാവ്ദ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
2018 ജൂലൈയില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ കുന്‍വര്‍ജി ബാവലിയ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് മന്ത്രിയായി ബി.ജെ.പി ക്യാബിനറ്റില്‍ എത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ രാജിപരമ്പരയ്ക്ക് തുടക്കമായത്. കഴിഞ്ഞമാസം കോണ്‍ഗ്രസ് എം.എല്‍.എയായ ആശാ പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments