തിരുവനന്തപുരം: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിധിയെഴുതുന്നത് രണ്ടു കോടി 54 ലക്ഷം വോട്ടര്‍മാര്‍. എഴുന്നൂറിലധികം പ്രശ്‌നസാധ്യതാ ബൂത്തുകളും സംസ്ഥാനത്തുണ്ട്.. പെയ്ഡ് ന്യൂസുകള്‍ തടയാനും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാ റാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 30വരെയുളള കണക്കനുസരിച്ച് 2,54,08711 വോട്ടര്‍മാരാണ് കേരളത്തിലുളളത്. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 1,22,97,403 ഉം വനിതാ വോട്ടര്‍മാര്‍ 1,31,1189 ഉം ആണ്. എഴുന്നൂറ്റന്പതോളം ബൂത്തുകള്‍ പ്രശ്‌നസാധ്യതാ ബൂത്തുകളാണ്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ വ്യക്തമാക്കി. മുമ്പെങ്ങും കാണാത്ത വിധമുളള ശക്തമായ ത്രികോണ മല്‍സരം, വിശ്വാസ വിഷയങ്ങളടക്കം വൈകാരികത നിറഞ്ഞു നില്‍ക്കുന്ന പ്രചാരണ വിഷയങ്ങള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങള്‍ കൂടി കളംനിറയുന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി കടുപ്പമേറിയതാകും.
ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിനായി ചെലവിടാവുന്ന പരമാവധി തുക 70 ലക്ഷം രൂപയാണ്. 43 ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണ മാമാങ്കത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് പരിധി വിടാനുളള സാധ്യതയേറെയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കാനായി ഇലക്ഷന്‍ കമ്മീഷനു കീഴില്‍ പ്രത്യേക സംഘങ്ങള്‍ ഓരോ ജില്ലയിലുമുണ്ടാകും. പത്ര ദൃശ്യ മാധ്യമങ്ങളിലേതിന് സമാനമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള പരസ്യങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ ഘട്ടത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ട് സംബന്ധിച്ച വിവരവും കൈമാറണം.
Post Your Comments