പാലക്കാട്: സംസ്ഥാനത്ത് കത്തുന്ന വേനല്‍ച്ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തി. ശനിയാഴ്ച വൈകീട്ടോടെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇടിയോടുകൂടിയാണ് വേനല്‍മഴ പെയ്തത്. രണ്ടുദിവസമായി മൂടിക്കെട്ടി നില്‍ക്കുന്ന കാലാവസ്ഥയുടെ തുടര്‍ച്ചയായാണ് ചെറിയ ഇടിയോടുകൂടിയ മഴയെത്തിയത്. ഏറ്റവും കൂടുതല്‍ ചൂട് അനിഭവപ്പെട്ടിരുന്ന പാലക്കാട് നഗരപരിധിയിലും വാളയാര്‍, ചിറ്റൂര്‍, കല്ലടിക്കോട്, പെരുവെമ്പ്, പുതുനഗരം എന്നിവിടങ്ങളിലും ശകതിയായി മഴപെയ്തു. ചിറ്റൂര്‍ ഭാഗത്ത് ഇടിയോടുകൂടിയ കനത്തമഴയായിരുന്നു. കൊല്ലങ്കോട്, മുതലമട, നെന്മാറ, കൊടുവായൂര്‍ എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടായി.
മഴ പെയ്തതോടെ അന്തരീക്ഷത്തിലെ താപനിലയും അല്പം താഴ്ന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലെ താപമാപിനിയില്‍ ശനിയാഴ്ച 38 ഡിഗ്രി സെല്‍ഷ്യസും മലമ്പുഴയില്‍ 37.2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. രണ്ടിടങ്ങളിലെയും കുറഞ്ഞ താപനിലയായി യഥാക്രമം 26-ഉം 26.3-ഉം രേഖപ്പെടുത്തി. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്കുയരാറുള്ളത്. ഈ വര്‍ഷം ഫെബ്രുവരിമാസം അവസാനവാരമാകുമ്പോഴേയ്ക്കും പാലക്കാട്ടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇതിനോടകം അഞ്ചുതവണ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി.
Post Your Comments