Latest NewsKerala

ചെഗുവേരയുടെ മാര്‍ഗം പിന്തുടര്‍ന്നവരെ വെടിവെച്ചു കൊന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: വയനാട് ലക്കിടിയില്‍ മാവോവാദി നേതാവ് സി.പി ജലീല്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. ചെ ഗുവേര അടക്കമുള്ള നേതാക്കളുടെ മാര്‍ഗമാണ് മാവോവാദികള്‍ പയറ്റിക്കൊണ്ടിരിക്കുന്നതെന്നും അവരെയാണ് പിണറായി സര്‍ക്കാര്‍ പിന്നില്‍ നിന്ന് വെടിവെച്ചുകൊല്ലുന്നതെന്നും ബല്‍റാം വിമര്‍ശിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബല്‍റാം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ എന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിങ്ങടെ കൊടിയിലും ടീ ഷര്‍ട്ടിലും കണ്ണിക്കണ്ട ഇലക്ട്രിക് പോസ്റ്റിലുമൊക്കെ വരച്ചു വച്ചിരിക്കുന്ന ആ ചെഗുവേരയില്ലേ? മൂപ്പരുടെയൊക്കെ മാര്‍ഗ്ഗമാണ് ഈ സി.പി. ജലീലിനേപ്പോലുള്ള മാവോയിസ്റ്റുകളും പയറ്റിക്കൊണ്ടിരിക്കുന്നത്. ബൊളീവിയന്‍ കാടിന് പകരം വയനാടന്‍ കാടുകള്‍ ആവുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്നുവച്ചാല്‍ കമ്മ്യൂണിസമെന്ന നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും അതിന്റെ യഥാര്‍ത്ഥ പ്രയോഗരീതികളിലും നിങ്ങള്‍ക്കില്ലാത്ത വിശ്വാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവരാണ് ഇങ്ങനെ നാടന്‍ തോക്കും പിടിച്ച് കാടുകയറുന്നതെന്ന് സാരം. അവരെയാണ് പിണറായി വിജയന്‍ എന്ന നിയോ ലിബറല്‍ കമ്മ്യൂണിസ്റ്റിന്റെ ഗവണ്‍മെന്റ് പിന്നില്‍ നിന്ന് വെടിവച്ച് കൊല്ലുന്നത്.

അതായത് ഒന്നുകില്‍ ചെ ഗുവേര പോലുള്ള അതിസാഹസികരുടേയും മാവോ, സ്റ്റാലിന്‍ തുടങ്ങിയ ക്രൂരരായ സ്വേച്ഛാധിപതികളുടേയും കാലം കഴിഞ്ഞു എന്നും നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇവരൊന്നും ഒരുനിലക്കും മാതൃകയല്ലെന്നും തുറന്ന് സമ്മതിക്കുക, ആ നിലയിലുള്ള വിപ്ലവ തള്ള് അവസാനിപ്പിക്കുക, ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം കൊടുത്ത ഇവരെയൊന്നും പോസ്റ്ററിലും ഫ്ളക്സിലും ഫോട്ടോ വച്ച് ആരാധിക്കാതിരിക്കുക. അതല്ലെങ്കില്‍ അവരുടെയൊക്കെ ആഹ്വാനം കേട്ട് വഴി പിഴച്ചുപോയ അല്‍പ്പബുദ്ധികളെ ഇങ്ങനെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ക്രൂരമായി കൊല്ലാതെയെങ്കിലുമിരിക്കുക.

ഇത് പഴയ കാലമല്ല, ഇന്ത്യ ഉത്തര കൊറിയയുമല്ല, കൊല്ലപ്പെടുന്നത് ആരുതന്നെയായാലും ഭരണകൂട കൊലപാതകങ്ങള്‍ക്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഉത്തരം പറഞ്ഞേ മതിയാവൂ.

https://www.facebook.com/vtbalram/posts/10156475994949139

shortlink

Related Articles

Post Your Comments

Related Articles


Back to top button