കോഴിക്കോട്: വയനാട് ലക്കിടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മൃതദേഹം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം എത്തിച്ചത്. ഇന്ന് മണിക്കൂറുകള്‍ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷം ഒരു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം തറവാട്ടുവളപ്പില്‍ ഖബറടക്കും.
കോഴിക്കോട് നിന്നും പാണ്ടിക്കാട് വരെ കനത്ത പോലീസ് സുരക്ഷയോടെയാണ് മൃതദേഹം കൊണ്ട് പോയത്. മൃതദേഹം കൊണ്ട് പോവുന്ന വഴിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വാഹനം നിര്‍ത്തരുതെന്നടക്കമുള്ള ശക്തമായ നിര്‍ദേശം നല്‍കിയാണ് വാഹനം വ്യൂഹം പുറപ്പെട്ടത്. ഇന്ന് രാവിലെ 8.30-ന് തുടങ്ങിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂര്‍ത്തിയായത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം വിശദാംശങ്ങള്‍ പുറത്ത്വിടാന്‍ പോലീസ് തയ്യാറായിട്ടില്ല. അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജലീലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി മെഡിക്കല്‍ കോളേജില്‍ രാവിലെ മുതല്‍ തടിച്ച് കൂടിയിരുന്നു. അതുകൊണ്ട് തന്നെ പോലീസ് കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പോലീസ് ഏറ്റുമുട്ടലില്‍ കേരളത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാവോവാദി നേതാവാണ് സി.പി ജലീല്‍, ആദ്യ മലയാളിയുമാണ്. കൊലപാതകത്തില്‍ പ്രതിഷേധമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളത് കൊണ്ട് മലബാര്‍ മേഖലയില്‍ വനാതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനുകളില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Post Your Comments