ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അനന്ത്‌നാഗ് സ്വദേശി മുഹമ്മദ് റിയാസ് ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശി മുഹമ്മദ് ഷരീക്ക് (17) ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രനേഡിന്റെ തരികള്‍ ഹൃദയത്തില്‍ തുളച്ചുകയറിയായിരുന്നു മുഹമ്മദ് ഷാരിക്കിന്റെ മരണം.
നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്. ജമ്മു നഗരഹൃദയത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഗ്രനേഡ് ആക്രമണം ഉണ്ടായത്. 32 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള യാസിന്‍ ജാവിദ് ഭട്ട് എന്നയാളെ കുല്‍ഗാമില്‍നിന്നു പോലീസ് പിടികൂടി. ബസ് സ്റ്റാന്‍ഡിലേക്ക് ഗ്രനേഡ് എറിഞ്ഞശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കുല്‍ഗാം ജില്ലാ കമാന്‍ഡര്‍ ഫാറുഖ് അഹമ്മദ് ഭട്ടില്‍നിന്നാണു യാസിന്‍ ഗ്രനേഡ് സംഘടിപ്പിച്ചത്.
Post Your Comments